തമിഴ് നടന് വിജയുമൊത്തുള്ള പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവത്തെക്കുറിച്ച് ബോളിവുഡ് നടി കത്രീന കൈഫ് ഒരു ചാറ്റ് ഷോയില്‍ മനസ്സു തുറന്നിരുന്നു. ഹോങ്കോങ്ങില്‍ ജനിച്ച് ലണ്ടനില്‍ വളര്‍ന്ന കത്രീന സിനിമാ സ്വപ്നവുമായി ഇന്ത്യയിലേക്ക് ചേക്കേറിയതാണ്. വിജയ് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് വളരെ വൈകിയാണ് കത്രീന അറിഞ്ഞത്. വിജയിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു കത്രീന പറഞ്ഞത്.
കത്രീന പറഞ്ഞ വാക്കുകള്‍
'ഊട്ടിയിലായിരുന്നു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ്.. ഒരു ദിവസം ഷൂട്ടിനിടയില്‍ ഞാന്‍ നിലത്തിരിക്കുകയിരുന്നു. ഭയങ്കര തണുപ്പായിരുന്നു അവിടെ.. ഞാന്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നില്‍ രണ്ടു കാല്പാദങ്ങള് ഞാന്‍ കാണുന്നത്..
ഞാന്‍ വിചാരിച്ചു ആരെങ്കിലും അവിടെ നില്‍ക്കുകയായിരിക്കുമെന്ന്. അതുകൊണ്ടു തല ഉയര്‍ത്തി നോക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. ഞാന്‍ വീണ്ടും ഫോണില്‍ നോക്കിയിരുന്നു. കുറച്ച് സമയത്തിന് ശേഷവും ആ കാല്പാദങ്ങള് എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. അവസാനം ഞാന്‍ മുഖമുയര്‍ത്തി നോക്കി..
ഞങ്ങളുടെ കൂടെ പരസ്യത്തില്‍ അഭിനയിച്ച ആ മനുഷ്യനെയാണ് ഞാന്‍ കണ്ടത്..അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആണ്. പേര് വിജയ്..അദ്ദേഹം വളരെയേറെ വിനയമുള്ള ഒരാളായിരുന്നു..എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനാണ് ഈ നേരമത്രയും അദ്ദേഹം അവിടെ കാത്ത് നിന്നത്', കത്രീന പറയുന്നു
കത്രീനയുടെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ ഇരുവരും ഒന്നിച്ചുള്ള പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒരു ശീതള പാനിയത്തിന്റെ പരസ്യത്തിലായിരുന്നു ഇവര്‍ ഒന്നിച്ചെത്തിയത്.
Content Highlights: Katrina Kaif and Vijay commercial advertisement ,old Indian television ad, nostalgia