ഒടുവിലത് സംഭവിച്ചിരിക്കുന്നു... ബാലതാരമായി വന്ന് പ്രേക്ഷകമനസുകള്‍ കീഴടക്കിയ കാളിദാസ് ജയറാം നായകനായി മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു.
ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കാളിദാസ് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
കാളിദാസ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക് പേജിലൂടെ ഈ സന്തോഷവാര്‍ത്ത ലോകത്തോട് പങ്കുവച്ചത്. ഇന്നു വളരെ സന്തോഷകരമായ ഒരു വാര്‍ത്ത അറിയിക്കുമെന്നും അതിനായി എല്ലാവരും കാത്തിരിക്കണമെന്നും കാളിദാസ് ഇന്നലെ തന്നെ തന്റെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചിരുന്നു.
മലയാളത്തിലേക്കുള്ള തന്റെ വരവ് സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുവരവാണെന്നും ഇതിനെ ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് കാണുന്നതെന്നും കാളിദാസ് തന്റെ പോസ്റ്റില്‍ പറയുന്നു.
ബാലാജി ധരണീദരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു പക്കാ കഥൈ എന്ന തമിഴ് ഷോര്‍ട്ട് ഫിലിമിലൂടെയാണ് കാളിദാസ് സിനിമയിലേക്കുള്ള തന്റെ രണ്ടാംവരവ് നിര്‍വഹിച്ചത്. കമല്‍ഹാസനായിരുന്നു കാളിദാസനെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയത്.
അമുദേശ്വര്‍ സംവിധാനം നിര്‍വഹിച്ച മീന്‍ കുഴമ്പും മണ്‍ പാണയും എന്ന ചിത്രത്തില്‍ പ്രഭുവിനൊപ്പമാണ് തമിഴ്മുഖ്യധാരാ ചിത്രത്തിലേക്കുള്ള കാളിദാസിന്റെ കടന്നുവരവ്. ചിത്രം ഈ സെപ്തംബറില്‍ റിലീസാവും.