ബോളിവുഡിലെ വിവാദ താരമാണ് സഞ്ജയ് ദത്ത്. സിനിമാ ജീവിതവും വ്യക്തി ജീവിതവും ഒരു പോലെ സംഭവ ബഹുലമായ മറ്റൊരു സിനിമാ താരമില്ല. 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ 6 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട് സഞ്ജയ് ദത്തിന്. കൂടാതെ തീവ്രവാദ ബന്ധവും ആയുധം കൈവശം വെച്ചതും അദ്ദേഹത്തെ ജയിലിലാക്കി. പിന്നീട് ഓഗസ്റ്റ് 20, 2007 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
1990 കളില്‍ സഞ്ജയ് ദത്ത്- മാധുരി ദീക്ഷിത്ത് പ്രണയം ഏറെ ചൂടേറിയ വാര്‍ത്തയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോടിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. 1997 ന് ശേഷം മാധുരിയെയും സഞ്ജയിനെയും ആരും ഒരുമിച്ചു കണ്ടിട്ടില്ല. മാധുരിയുമായുള്ള പ്രണയം സഞ്ജയിന്റെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നായിരുന്നു അക്കാലത്തെ ഗോസിപ്പുകള്‍. വിവാദങ്ങള്‍ ഇവരെ പരസ്പരം അകറ്റി. ഇത് സംബന്ധിച്ച് പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഇരുവരും സംസാരിക്കുവാന്‍ തയ്യാറായതുമില്ല.
അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന കലങ്ക് എന്ന ചിത്രത്തിലൂടെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം മാധുരിയും സഞ്ജയും ഒരുമിച്ച് അഭിനയിക്കുകയാണ്. സൊണാക്ഷി സിന്‍ഹ, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ടീസര്‍ ലോഞ്ച് ചടങ്ങില്‍ മാധുരിയും സഞ്ജയ് ദത്തും ഒരുമിച്ചെത്തിയത് ഇരുവരുടെയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു വേദി പങ്കിടുന്നത്. സഞ്ജയിനും മാധുരിക്കുമൊപ്പം മറ്റു താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Kalank movie teaser Madhuri Dixit Sanjay Dutt together after 22 years