'ഇതു കണ്ട് എന്നെ കെട്ടിപ്പിടിച്ചു കരയാന്‍ ചേട്ടന്‍ ഇല്ലല്ലോ'; വികാരാധീനനായി മണിയുടെ സഹോദരന്‍


3 min read
Read later
Print
Share

കുന്നിശ്ശേരി വീട്ടിലേക്ക് ഡോക്ടറേറ്റ് എത്തിക്കണമെന്ന വാശിയില്‍ എട്ടു വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗവേഷണം പൂര്‍ത്തിയാക്കിയ കലാഭവന്‍ മണിയുടെ സഹോദരന്‍ താന്‍ നേടിയ ഗവേഷണ ബിരുദത്തെക്കുറിച്ചും സഹോദരന്റെ വിയോഗമുണ്ടാക്കിയ വേദനയെക്കുറിച്ചും പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

നൃത്തത്തില്‍ ഗവേഷണ ബിരുദം നേടിയ സന്തോഷ വാര്‍ത്ത പങ്കുവയ്ച്ച് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തന്റെ ചെറുവിജയങ്ങളിലും പോലും കെട്ടിപ്പിടിച്ചു കരയുന്ന കലാഭവന്‍ മണിയില്ലാതെ നേടിയ വിജയം എങ്ങിനെയാണ് തനിക്ക് ആഘോഷിക്കേണ്ടത് എന്നറിയില്ലെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മണിയുടെ സഹായം കൊണ്ടുമാത്രമാണ് തനിക്ക് കല പഠിക്കാനായതെന്നും അതുകൊണ്ടു തന്നെ ആത്മര്‍ഥമായാണ് താന്‍ കലയെ സമീപിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍.എല്‍.വി രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ചേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ പങ്കുവച്ച സന്തോഷമുഹൂര്‍ത്തങ്ങളാണ് ഈ ചിത്രങ്ങള്‍. കൂലിപ്പണിക്കാരായ കുന്നിശ്ശേരി രാമന്റെയും അമ്മിണിയുടെയും മക്കള്‍ എല്ലാവരും കലാകാരന്മാരാണ്. പക്ഷെ കലാരംഗത്തേക്ക് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് ഇളയ പുത്രന്മാരായ ഞങ്ങള്‍ രണ്ട് പേരും ആണ്. വളരെ കഷ്ടപ്പെട്ടാണ്‌ കെ.ആര്‍ മണി ചാലക്കുടി മണി എന്ന മിമിക്രി കലാകാരനായതും കലാഭവന്‍ മണിയായതും. അതെല്ലാം പകല്‍ പോലെ എല്ലാവര്‍ക്കും അറിയാവുന്ന സത്യങ്ങളാണ്. ഈ കലാകാരന്റെ തണലിലാണ് അദ്ദേഹത്തിന്റെ സ്‌നേഹപരിചരണങ്ങള്‍ക്കൊണ്ടും സഹായഹസ്തങ്ങള്‍ക്കൊണ്ടും എനിക്ക് കല പഠിക്കാന്‍ കഴിഞ്ഞത്. അന്ന് മുതല്‍ വാശിയായിരുന്നു. കല ശാസ്ത്രീയമായി പഠിക്കാന്‍ കഴിയാതിരുന്ന ഒരു കലാകാരന്റെ സഹായത്തോടെയാണ് ഞാന്‍ പഠിക്കുന്നതെന്ന ബോധം എന്നെ ഏറെ ചിന്തിപ്പിച്ചു. ആത്മാര്‍ത്ഥതയോടെയുള്ള പഠനം അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം.

എന്റെ വിജയങ്ങള്‍ ആയി ഞാനിതിനെ കണക്കാക്കിയില്ല. ഓരോ വിജയങ്ങള്‍ നേടുമ്പോഴും അത് എന്റെ ചേട്ടന്റെ വിജയമായി ഞാന്‍ കണ്ടു. എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്ക് നേടിയതായിരുന്നു ആദ്യ വിജയതിളക്കം. സര്‍ട്ടിഫിക്കറ്റ് ചേട്ടനെ കാണിച്ചപ്പോള്‍ കുറേ നേരം കെട്ടി പിടിച്ച് കരഞ്ഞു. സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടെന്ന് കരയുന്ന പ്രകൃതക്കാരാണ് ഞങ്ങള്‍. പിന്നീട് കേരള കലാമണ്ഡലത്തില്‍ നിന്ന് മോഹിനിയാട്ടത്തില്‍ എം.ഫില്‍ ഒന്നാം റാങ്ക് നേടിയപ്പോഴും ചേട്ടന്‍ കെട്ടി പിടിച്ച് കരഞ്ഞു. തുടര്‍ന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ യു.ജി.സി പാസ്സായപ്പോഴും സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. അന്ന് ചേട്ടന് മധുരം നല്‍കുന്ന ഫോട്ടോയാണ് താഴെ കാണുന്നതില്‍ ഒന്ന്. അന്ന് ചേട്ടനോട് ഞാന്‍ പറഞ്ഞു ഇനി എനിക്ക് നമ്മുടെ വീട്ടിലേക്ക് ഒരു ഡോക്ടറേറ്റ് എത്തിക്കണം. അവിടന്നു തുടങ്ങി പരിശ്രമങ്ങള്‍. പക്ഷെ വീട്ടിലുണ്ടായ ഓരോ പ്രിയപ്പെട്ടവരുടെയും വേര്‍പാട് എന്നെ തളര്‍ത്തി. ആദ്യം മൂത്ത സഹോദരന്‍, പിന്നെ അമ്മ, പിന്നെ മണിച്ചേട്ടന്‍..... ഇവരുടെയെല്ലാം വിയോഗങ്ങള്‍ നടക്കുന്നത് ഞാന്‍ ഗവേഷണം നടത്തുന്ന സമയങ്ങളിലായിരുന്നു. ഇതിനിടയില്‍ ഒരു ദിവസം ഞാന്‍ ഓര്‍മയില്ലാതെ കുഴഞ്ഞു വീണു. നട്ടെല്ലിന് അകല്‍ച്ച വന്ന് ഒരു വര്‍ഷത്തോളം കിടന്നു. അന്നൊക്കെ ചേട്ടന്റെ വാക്കുകളും പ്രോത്സാഹനങ്ങളും എന്നെ ഉണര്‍ത്തി. പക്ഷെ ചേട്ടന്റെ വേര്‍പാട് എന്നെ തളര്‍ത്തി.

ചേട്ടന്റെ മരണത്തിനപ്പുറം കേട്ട ദുഷ്പ്രചരണങ്ങളില്‍ പകച്ചു പോയി. ഞങ്ങള്‍ പോലും അറിയാത്ത കാര്യങ്ങള്‍ മെനഞ്ഞുണ്ടാക്കി. കഥയുണ്ടാക്കി പോസ്റ്റ് ചെയ്തു. ചേട്ടനെ സ്‌നേഹിച്ച കുറേ നല്ല മനുഷ്യര്‍ ഞങ്ങളെ വന്ന് കണ്ട് അവസ്ഥ മനസിലാക്കി. അവരുടെ പിന്‍ബലമാണ് പിന്നീട് എനിക്കും എന്റെ സഹോദരിമാര്‍ക്കും കുടുംബത്തിനും താങ്ങും തണലുമായത്. പഠനം പാതി വഴിയില്‍ ഇട്ട് ചേട്ടന്റെ കേസിനായി ഓടി നടന്നു. ഇതിനിടയില്‍ പഠനം മുടങ്ങിയ വിഷമങ്ങളും സഹിച്ചു. ഒടുവില്‍ 2017ഏപ്രില്‍ മാസത്തില്‍ കേസ് സി.ബി.ഐ ഏറ്റെടുത്ത ശേഷമാണ് പഠനം പുനരാരംഭിച്ചത്. പിന്നീട് നീറുന്ന വേദനയില്‍ ചേട്ടന്‍ ഇനിയില്ല എന്ന സത്യം മനസ്സിലാക്കാന്‍ കഴിയാത്ത ബോധത്തോടെ യാത്രകള്‍ തുടര്‍ന്നു... ചേട്ടന് കൊടുത്ത വാക്ക് പാലിക്കണം. കുന്നിശ്ശേരി വീട്ടിലേക്ക് ഡോക്ടറേറ്റ് എത്തിക്കണം. ആ വാശിയുമായി 8 വര്‍ഷം നീണ്ട ഗവേഷണം 2018ല്‍ പൂര്‍ത്തിയാക്കി. അതിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് ഇന്ന് കുന്നിശ്ശേരിയിലെത്തി. പക്ഷെ ഇന്ന് ഇവിടം ശൂന്യമാണ് അച്ഛനില്ല, അമ്മയില്ല, ചേട്ടന്‍ന്മാര്‍ രണ്ടു പേരും ഇല്ല. ആരോട് പറയും എല്ലാ വിജയങ്ങളും ചേട്ടന് മുന്‍പില്‍ പറയാന്‍ വല്ലാത്ത തിടുക്കമായിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍, എന്നെ കെട്ടി പിടിക്കാന്‍, ഉമ്മ വയ്ക്കാന്‍ മധുരം തരാന്‍ ചേട്ടനില്ല. ചേതനയറ്റ ശരീരം ഉറങ്ങുന്ന അവിടേക്ക് ചെല്ലാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. ഞാന്‍ അത് വിശ്വസിച്ചിട്ടില്ല. ഇല്ല..:. എന്റെ ചേട്ടന്‍ മരിച്ചിട്ടില്ല. ചേട്ടന്‍ ഉറക്കത്തിലാണ് .. ഉറങ്ങട്ടെ... ഉറങ്ങി കഴിയുമ്പോള്‍ തറവാട്ടിലേക്ക് വരും കണ്ണാ ... എന്ന് വിളിച്ചു കൊണ്ട്.

ഇന്ന് അഭിനന്ദനങള്‍ അറിയിക്കാന്‍ എന്റെ ചേട്ടനെ സ്‌നേഹിച്ച ആളുകളുടെ ആശംസകളും സ്‌നേഹ സന്ദേശങ്ങളും മാത്രമാണ് ഇന്നുള്ളത്. എന്തെങ്കിലും ഒന്ന് കേള്‍ക്കുമ്പോള്‍ ഇല്ലാക്കഥയെഴുതുന്നവര്‍ ഈ വിജയം കണ്ടില്ല എന്ന് നടിക്കുകയാണ്. കാരണം ഈ ഡോക്ടറേറ്റ് അവര്‍ക്ക് ഒന്നും അല്ല. അവര്‍ക്ക് സുഖിക്കണമെങ്കില്‍ എന്തെങ്കിലുമൊക്കെ എരിവും പുളിയും ഉള്ള കള്ളകഥകള്‍ വേണമല്ലോ... പൊലിപ്പിച്ച് എഴുതാന്‍...എന്തു തന്നെ ആയാലും ഞാനെന്റെ ലക്ഷ്യം പൂര്‍ത്തിയാക്കി. ഞങ്ങള്‍ക്കിത് വലുതാണ്. കൂലി പണിക്കാരായ രാമന്റെയും അമ്മിണിയുടെയും മക്കള്‍ കലയില്‍ നേടിയ വിജയം....എന്റെ മാതാപിതാക്കള്‍ക്കു മുന്‍പില്‍, സഹോദരന്മാര്‍ക്കു മുമ്പില്‍ നീറുന്ന മനസ്സോടെ.... കണ്ണീരോടെ..... സമര്‍പ്പിക്കുന്നു.

Content Highlights: kalabhavan mani brother rlv ramakrishnan gets doctorate degree

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

തമിഴിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക

Sep 5, 2019


mathrubhumi

1 min

നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

Nov 17, 2018


mathrubhumi

1 min

രാജമാണിക്യം നിര്‍മിച്ച വലിയവീട്ടില്‍ സിറാജ് അന്തരിച്ചു

May 29, 2017