സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നതോടൊപ്പം പല തരം തട്ടിപ്പുകള്‍ക്കും ഇരയാകേണ്ടി വരുന്നവരാണ് സിനിമാതാരങ്ങള്‍. ആരാധകരില്‍ ചിലരുടെ പരിധി വിടുന്ന കുസൃതിയും ഹാക്കര്‍മാരുടെ ശല്യങ്ങളും അധികമാവുമ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ തന്നെ കള്ളത്തരങ്ങള്‍ പൊളിയ്ക്കാറുമുണ്ട് അവര്‍. തന്റെ അസിസ്റ്റന്റെന്ന പേരില്‍ നടി അപര്‍ണ ബാലമുരളിയ്ക്ക് ഇമെയില്‍ സന്ദേശമയച്ച ഒരു വ്യാജനെ കൈയോടെ പിടികൂടിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്.
'എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന ഒരു കള്ളന്‍ ഇറങ്ങിയിട്ടുണ്ട്. എനിക്കിങ്ങനെ ഒരു സംവിധാന സഹായിയില്ല.' ജൂഡ് പോസ്റ്റിലൂടെ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ തന്നെ നേരിട്ട് അറിയിക്കണമെന്നും ആവശ്യപ്പെട്ട് അപര്‍ണ അയച്ചു കൊടുത്ത സ്‌ക്രീന്‍ഷോട്ടുകളും ഒപ്പം ചേര്‍ത്താണ് പോസ്റ്റ്.
ബാബു ജോസഫ് എന്ന പേരിലാണ് വ്യാജന്‍ സന്ദേശമയച്ചിരിക്കുന്നത്. താന്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ സംവിധാന സഹായിയാണെന്നും ജൂഡ് പുതിയൊരു സിനിമ ചെയ്യാനുള്ള പ്ലാനിലാണെന്നും സന്ദേശത്തില്‍ പറയുന്നു. അതില്‍ ഒരു കഥാപാത്രത്തിന് അനുയോജ്യയാണ് അപര്‍ണയെന്നും കോണ്‍ടാക്ട് നമ്പറിനായി അമ്മ സംഘടനയില്‍ അന്വേഷിച്ചപ്പോള്‍ അതില്‍ അംഗമല്ലെന്നാണ് മറുപടി ലഭിച്ചതെന്നും വ്യാജന്‍ പറയുന്നു. അതിനാല്‍ ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യൂവെന്നും ഡേറ്റുകളെക്കുറിച്ച് സംസാരിക്കാമെന്നുമാണ് സന്ദേശം. അപര്‍ണ ഇതിനു മറുപടിസന്ദേശവും അയച്ചിട്ടുണ്ട്. 'ജൂഡ് ചേട്ടന്റെ കൈയില്‍ എന്റെ നമ്പര്‍ ഉണ്ട്, അദ്ദേഹത്തില്‍ നിന്നും വാങ്ങൂ' വെന്നുമാണ് അപര്‍ണ മറുപടി നല്‍കിയത്. സംശയം തോന്നി, സന്ദേശങ്ങള്‍ കൈമാറിയതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ജൂഡിന് അയച്ചുകൊടുക്കുകയും ചെയ്തു.
Content Highlights : Jude Anthany Joseph facebook post, fraud assistant director, Aparna Balamurali