മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന അങ്കിള്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കഥയൊരുക്കിയത് നടന്‍ ജോയ് മാത്യുവാണ്.
2012 ല്‍ പുറത്തിറങ്ങിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചിത്രമാണ് അങ്കിള്‍. ഷട്ടര്‍ സംവിധാനം ചെയ്തതും ജോയ് മാത്യുവാണ്. സമൂഹത്തിലെ കപടസദാചാരത്തിന് നേരെയുള്ള ഒരു കണ്ണാടിയായിരുന്നു ഷട്ടര്‍. മികച്ച അഭിപ്രായമാണ് ചിത്രം അന്ന് നേടിയത്.
ഷട്ടര്‍ നല്‍കിയ വിരുന്നോ അതിന് മേലേയോ ആണ് പ്രേക്ഷകര്‍ അങ്കിളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതിന്റെ ഉദാഹരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ട്രോള്‍. ട്രോള്‍ ഇഷ്ടമായ ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അത് പങ്കുവയ്ക്കുകയും ചെയ്തു. അങ്കിളിന് പ്രമോഷന്‍ കുറവാണെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയാണിത്.
ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ നിരവധി അഭിപ്രായങ്ങളും ചോദ്യങ്ങളുമായെത്തി. എല്ലാവര്‍ക്കും ഈ അവസരത്തില്‍ ഷട്ടറിനെക്കുറിച്ച് തന്നെയാണ് സംസാരിക്കാനുണ്ടായിരുന്നത്. ഷട്ടര്‍ ഒരു മികച്ച സിനിമ ആയിരുന്നുവെന്നും അങ്കിള്‍ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കണമെന്നുമായിരുന്നു ഒരാളുടെ ആവശ്യം. ഇതിന് ജോയ് മാത്യു പറയുന്ന മറുപടി ഇങ്ങനെ.
'നില്‍ക്കും, ഇല്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തും'.
അങ്കിള്‍ ഒരു ത്രില്ലര്‍ ആണെന്ന് ജോയ് മാത്യു നേരത്തേ പറഞ്ഞിട്ടുണ്ട്. പൊതുവേ സിനിമകളില്‍ കാണുന്നത് പോലെ നായകനെ ഒരു നന്മമരം ആയി പ്രതിഷ്ഠിക്കില്ലെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് അങ്കിള്‍ കൈകാര്യം ചെയ്യുന്നത്.
മോഹന്‍ലാലിനൊപ്പം എന്ന് ഒരു സിനിമയുമായി എത്തുമെന്ന ചോദ്യത്തിന് 'നോക്കാം' എന്ന മറുപടിയാണ് അദ്ദേഹം പറയുന്നത്. ട്രോള്‍ തന്നെയല്ലേ ഏറ്റവും വലിയ പ്രമോഷന്‍ എന്ന് ചോദിക്കുന്നവരോട് ചിരിയാണ് ജോയ് മാത്യുവിന്റെ മറുപടി.
പ്രശസ്ത ബോളിവുഡ് ക്യാമറാമാന്‍ സി. മുരളീധരന്റെ മകള്‍ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. കെ.പി.എ.സി ലളിത, ജോയ് മാത്യു എന്നിവര്‍ ചിത്രത്തില്‍ എത്തുന്നു.
Content Highlights: Joy Mathew on uncle movie mammootty shutter malayalam movie