'ഷെയ്‌നിലെ പ്രതിഭ മനസ്സിലാക്കി സംവിധായകര്‍ സിനിമയെടുക്കുന്നു, കച്ചവടച്ചരക്കാക്കി നിര്‍മ്മാതാക്കളും'


3 min read
Read later
Print
Share

അബി വിളിച്ച് ഷെയ്‌നിന്റെ പടത്തില്‍ ഇപ്പോള്‍ അഭിനയിക്കരുത്.അവന്റ പരീക്ഷ അടുത്തിരിക്കയാണ്. പഠിത്തം ഉഴപ്പിപ്പോകും, താങ്കളും ഒരച്ഛനല്ലേ എന്റെ വിഷമം മനസ്സിലാകുമല്ലോ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും ഒരച്ഛനായി.

ടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ ഇടയിലേക്കാണ് ചാകാനും വേണ്ടിവന്നാല്‍ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷെയ്ന്‍ നിഗം
എത്തുന്നത് ജോയ് മാത്യു പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഷെയ്ന്‍ ആദ്യമായി അഭിനയിച്ച അന്നയും റസൂലും എന്ന ചിത്രത്തില്‍ ഷെയ്‌നിന്റെ അച്ഛനായി വേഷമിട്ടത് ജോയ് മാത്യു ആയിരുന്നു.

ഷെയ്‌നും കൂട്ടുകാരും കൂടി ഒരുക്കിയ ഷോര്‍ട് ഫിലിമിലേക്ക് തന്നെ അഭിനയിക്കാനായി വിളിച്ചിരുന്നെങ്കിലും അബിയുടെ അഭ്യര്‍ഥന മൂലം താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും പിന്നീട് ഷെയ്ന്‍ തന്നെ വിളിച്ചില്ലെന്നും പഴയൊരു അനുഭവം ഓര്‍ത്തെടുത്ത് ജോയ് മാത്യു കുറിക്കുന്നു. ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ലെന്ന വാക്കുകളോടെയാണ് ജോയ് മാത്യു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജോയ് മാത്യുവിന്റെ കുറിപ്പ് :

മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ ഇടയിലേക്കാണ് ചാകാനും വേണ്ടിവന്നാല്‍ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷെയ്ന്‍ നിഗം എത്തുന്നത്. ഇടക്കെവിടെയോ വെച്ചു സര്‍വ്വ വിജ്ഞാനികളും വിജയിക്കാന്‍ മാത്രം പിറന്നവരുമായ നായക സങ്കല്പങ്ങളില്‍ കുറ്റിയടിച്ചു നിന്നുപോയ മലയാള സിനിമയിലേക്ക് മാറ്റത്തിന്റെ കാറ്റിനൊപ്പം ഒരു തൂവലിന്റെ ലാഘവത്തോടെ ഷെയ്ന്‍ പറന്നിറങ്ങിയത്. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല ഈ കുട്ടിയുടെ കൈമുതല്‍. അങ്ങനെയായിരുന്നെങ്കില്‍ അന്തരിച്ച പല നടന്മാരുടെയും മക്കള്‍ തിരശീലയില്‍ തിളങ്ങേണ്ടതായിരുന്നില്ലേ?

ഷെയ്ന്‍ നിഗം അടിമുടി ഒരു കലാകാരനാണ്. അയാള്‍ ആദ്യമായി അഭിനയിച്ചത് 'അന്നയും റസൂലും' എന്ന രാജീവ് രവിയുടെ ചിത്രത്തില്‍ എന്റെ മകനായിട്ടാണ്. പിന്നീട് എന്നെ ഷെയ്ന്‍ വിളിക്കുന്നത് അയാളും കൂട്ടുകാരും ചേര്‍ന്നു ചെയ്യുന്ന, ഷൈന്‍ തന്നെ സംവിധാനം ചെയ്യുന്ന ഒരു ഷോട്ട് ഫിലിമില്‍ അഭിനയിക്കാനാണ്. അന്നവന് ഇരുപത് വയസ്സ് തികഞ്ഞിട്ടുണ്ടോ എന്ന് സംശയം.

ലഘുചിത്രം എന്നതില്‍ നിന്നും ഞാന്‍ ഒഴിയാന്‍ നോക്കിയെങ്കിലും അവന്‍ എന്നെ വിടാതെ വിളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ രണ്ടു ദിവസം അവനുവേണ്ടി മാറ്റിവെച്ചു. അപ്പോഴാണ് അബി വിളിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ നേരിട്ട് കണ്ടിട്ടില്ല, ഷെയ്‌നിന്റെ പടത്തില്‍ ഇപ്പോള്‍ അഭിനയിക്കരുത്. അവന്റ പരീക്ഷ അടുത്തിരിക്കയാണ്. പഠിത്തം ഉഴപ്പിപ്പോകും, താങ്കളും ഒരച്ഛനല്ലേ എന്റെ വിഷമം മനസ്സിലാകുമല്ലോ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും ഒരച്ഛനായി. ഷെയ്ന്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, മോനെ ഞാന്‍ വന്നു അഭിനയിക്കാം. പരീക്ഷ കഴിഞ്ഞിട്ട് പോരെ? പിന്നെ ഷെയ്ന്‍ വിളിച്ചില്ല, പക്ഷെ തിരശീലയില്‍ സജീവമായി.

പറഞ്ഞുവന്നത്, നായകനായി ജീവിച്ചു കളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളില്‍ ഒരാളായിട്ടല്ല ഷെയ്‌നിനെ ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് അയാളുടെ രീതികള്‍, എടുത്തു ചാട്ടങ്ങള്‍, എല്ലാം അച്ചടക്കമില്ലായ്മയായി നാം വിലയിരുത്തിപ്പോകുന്നത്.

സിനിമ ഒരു വ്യവസായം എന്ന നിലയില്‍ തന്നെയാണ് കാണേണ്ടത് .മുടക്കുമുതലും ലാഭവും ലക്ഷ്യമാക്കുന്ന എന്തും വ്യവസായം തന്നെ. അത് ലാഭം മാത്രം പ്രതീക്ഷിക്കുന്നു. അതിനാല്‍ അച്ചടക്കവും പ്രതീക്ഷിക്കുന്നു. ഓരോ മണിക്കൂറിനും പണമാണ് നഷ്ടം. അതുകൊണ്ടാണ് അഭിനേതാക്കള്‍ക്് അസുഖം വരാതെ നോക്കാന്‍ നിര്‍മ്മാതാക്കള്‍ ജാഗ്രത പുലര്‍ത്തുന്നത്. അല്ലാതെ അവരോടുള്ള സ്‌നേഹം കൊണ്ടല്ല. സാങ്കേതിക വിദഗ്ധര്‍ക്ക് പകരക്കാരുണ്ടാവാം എന്നാല്‍ അഭിനേതാക്കള്‍ക്ക് പകരക്കാര്‍ ഉണ്ടാവില്ല.

അച്ചടക്കത്തിന്റെയും പൊരുത്തപ്പെടലുകളുടെയും ലോകത്തേക്ക് ചുരുങ്ങുക ശരിയായ കലാകാരന്മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. ഒരു ഭാഗത്തു സാമ്പത്തികമായ സൗഭാഗ്യങ്ങള്‍. മറുഭാഗത്ത് പൊരുത്തപ്പെടലുകളുടെ മാനസിക സംഘര്‍ഷം.

ഷെയ്ന്‍ നിഗം എന്ന കലാകാരനെ അറിയുന്ന സംവിധായകര്‍ അയാളുടെ പ്രതിഭ മനസ്സിലാക്കി സിനിമയുണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഷെയ്ന്‍ നിഗം എന്ന കച്ചവട ചരക്കിനെ വിറ്റു ലാഭമുണ്ടാക്കുവാന്‍ നിര്‍മ്മാതാക്കളും ശ്രമിക്കുന്നു.സ്വാഭാവികമായും ഇത് അവര്‍ക്കിടയില്‍ പ്രതിസന്ധി സൃഷിക്കുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച നടനായ Klaus Kinsky യും ലോകത്തിലെതന്നെ മികച്ച സംവിധായകനായ Werner Heroz ഉം തമ്മില്‍ വഴക്കടിക്കുന്നതും പിന്നീട് സഹകരിക്കുന്നതും പോലുള്ള നിരവധി സംഭവങ്ങള്‍ സിനിമയുടെ ചരിത്രം അറിയാനാഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം സര്‍ഗ്ഗാത്മക വിസ്‌ഫോടനങ്ങള്‍ മികച്ച കലാസൃഷ്ടിയുടെ പിറവിക്ക് പിന്നില്‍ ധാരാളം ഉണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇവിടെ കലാമൂല്യത്തേക്കാള്‍ മൂലധനവും താരമൂല്യവും തമ്മിലാണ്പ്രശ്‌നം.

സമയബന്ധിതമാണ് എല്ലാ വ്യാപാരങ്ങളും. അതിന്റേതായ സംഘര്‍ഷങ്ങള്‍ ഓരോ നിര്‍മ്മാതാവിനുമുണ്ടാവും. അത്തരം വ്യാപാരങ്ങളില്‍ പങ്ക് കൊള്ളുന്നവരെല്ലാം തന്നെ സമയത്തെ അനുസരിക്കാന്‍ നിര്‍ബന്ധിതരാണ്. സിനിമയില്‍ സമയം എന്നാല്‍ പണമാണ്.അപ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും തങ്ങളുടെ അന്തഃസംഘര്‍ഷങ്ങളെ അടക്കിവെക്കാനും പൊരുത്തപ്പെടാനും തയ്യാറാവണം.ഒരാള്‍ സമയം തെറ്റിച്ചാല്‍ ഒരുപാട് പേരുടെ സമയം തെറ്റും, ലോകത്തിന്റെ തന്നെ സമയം തെറ്റും എന്ന് എല്ലാവരുംമനസ്സിലാക്കിയാല്‍ നന്ന്. പ്രത്യേകിച്ചും താരകേന്ദ്രീകൃതമായ ഒരു വ്യവസായത്തില്‍.പ്രത്യേകിച്ചും ഷെയ്ന്‍ നിഗം സിനിമ എന്നതാവുമ്പോള്‍ ഉത്തരവാദിത്വം കൂടുകയാണ്. നായകനായി നടിക്കുന്നര്‍ക്ക് ഉള്ളത് പോലെ മനസ്സംഘര്‍ഷങ്ങള്‍ മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ നമ്മള്‍ മണ്ണിലേക്ക് വരും,, ; വരണം.

കച്ചവടം എന്ന നിലക്കല്ലാതെ, സമയബന്ധിതമല്ലാത്ത ഒരു കലാപ്രവര്‍ത്തനത്തിനു ഇതൊന്നും ഭാഗമല്ല തന്നെ. എന്നാല്‍ കച്ചവടത്തിന്കൂട്ട് നില്‍ക്കുമ്പോള്‍ അനുരഞ്ജനത്തിന്റെ കുരിശ് സ്വയം ചുമക്കുക അതേ വഴിയുള്ളൂ.ഷെയ്‌നിനെപ്പോലെ ലാഭക്കൊതിയെഇഷ്ടപ്പെടാതിരിക്കുകയും എന്നാല്‍ അതിന്റെ ഭാഗഭാക്കുകയും ചെയ്യേണ്ടിവരുന്ന നിരവധി പേരുണ്ട്. അവര്‍ക്കും ഇതേ സംഘര്‍ഷങ്ങള്‍ ഉള്ളിലുണ്ട്. പക്ഷെ അടക്കിവെച്ചേപറ്റൂ, അതാണീ രംഗം. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുക.

പണിതീരാത്ത വീടുകള്‍ ദുശ്ശകുനക്കാഴ്ചകളാണ്, സങ്കടങ്ങളാണ്, ഒരുപാട് പേരുടെ കണ്ണീരാണ്. മറ്റുള്ളവരുടെ കണ്ണുനീര്‍ തുടക്കുവാന്‍ കഴിയില്ലെങ്കിലും താന്‍ കാരണം മറ്റുള്ളവരെ കരയിക്കാതിരിക്കാനെങ്കിലും കലാകാരന് കഴിയണ്ടേ? കുഞ്ഞു ഷെയ്‌നിനോട് ഒരു വാക്ക് കൂടി ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല.

Content Highlights : Joy Mathew On Shane Nigam Issue Controvesry

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'കേരളത്തിന് ശ്രദ്ധ കിട്ടുന്നില്ല'- സോഷ്യല്‍മീഡിയ ചലഞ്ച് ആരംഭിച്ച് സിദ്ധാര്‍ത്ഥ്‌

Aug 17, 2018


mathrubhumi

1 min

വയലാറിന്റെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു

Jan 16, 2018


mathrubhumi

2 min

എന്റെ ജീവന്‍ രക്ഷിക്കൂ; രജനികാന്തിനോട് അഭ്യര്‍ഥനയുമായി ദേവദൂതനിലെ നടി

Aug 9, 2019