നിപ്പ വൈറസും ട്രോളുന്ന മലയാളികളുടെ മനോവൈകല്യവും- ജോയ് മാത്യു പറയുന്നു


പരിഹസിക്കുമ്പോള്‍ അടിവരയിടുന്നത് അയല്‍ക്കാരന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് ആഹ്ലാദിക്കുന്ന നമ്മള്‍ മലയാളികളുടെ മനോ വൈകല്യത്തെക്കുറിച്ചാണ്.

നിപ്പ വൈറസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ അത് അനുഭവിക്കുന്നവരുടെ വിഷമം മനസ്സിലാക്കുന്നില്ലെന്ന് ജോയ് മാത്യു. പ്രതിവിധി കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുന്ന ദുരന്ത സമയത്തും മലയാളികള്‍ അതിനെ തമാശയായി കാണുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രോളുകളില്‍ വര്‍ഗീയത കൊണ്ടുവരരുതെന്നും മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടണമെന്നും അദ്ദേഹം പറയുന്നു. ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം.

പനി ബാധിച്ച മനസ്സുകളോട്

ഞാനാരുടേയും ഭക്തനല്ല. എന്നാല്‍ ഭക്തിയിലൂടെ സമാധാനം ലഭിക്കുന്നവരെ പരിഹസിക്കുക എന്റെ പണിയുമല്ല. ഭക്തര്‍ പലവിധമാണു, ദൈവ ഭക്തന്മാര്‍, വിശ്വാസ ഭക്തന്മാര്‍, പാര്‍ട്ടി ഭക്തന്മാര്‍, നേതൃഭക്തന്മാര്‍ തുടങ്ങി നിരവധിയാണ്.

ഇവര്‍ക്കൊക്കെ അവരുടെ വിശ്വാസങ്ങള്‍ക്കും ഭക്തിക്കും അനുസരിച്ചുള്ള സമാധാനമോ ആശ്വാസമോ ലഭിക്കുന്നുണ്ടാവാം. ഈ അടുത്ത ദിവങ്ങളിലായി നമ്മളെയാകെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നിപ്പ വൈറസ് രോഗബാധിതരായി ഒരു നഴ്‌സ് അടക്കം നിരവധി പേരാണു മരണത്തിനു കീഴടങ്ങിയത്.

പ്രതിവിധി കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുന്ന ദുരന്ത സമയത്തും നമ്മള്‍ മലയാളികള്‍ അതിനെ തമാശയായി കാണുന്നു, ട്രോളി സന്തോഷിക്കുന്നു. രോഗബാധിതരായവരുടെ ബന്ധുക്കളുടെയോ പേരാമ്പ്രയിലും അയല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയോ മാനസികാവസ്ഥയെക്കുറിച്ച്.

പരിഹസിക്കുമ്പോള്‍ അടിവരയിടുന്നത് അയല്‍ക്കാരന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് ആഹ്ലാദിക്കുന്ന നമ്മള്‍ മലയാളികളുടെ മനോ വൈകല്യത്തെക്കുറിച്ചാണ്. നിപ്പ വൈറസിനെ സംബന്ധിച്ചു വന്ന ഒരു ട്രോളിനെക്കുറിച്ചാണു പറയാനുള്ളത്.

അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കണം എന്ന് പറയുന്ന വിപ്ലവകാരികള്‍ കെട്ടിപ്പിടിക്കുന്നത് (hugging) പോയിട്ട് പരസ്പരം തോളില്‍ കൈയ്യിട്ട് നില്‍ക്കുന്നത് പോലും കാണാന്‍ കഴിയാത്ത ഒരു കാലത്താണു മാതാ അമൃതാനന്ദമയി അവരുടെ ഭക്തരെ കെട്ടിപ്പിടിക്കുന്നതും ആശ്ലേഷിക്കുന്നതും ചിലപ്പോഴെല്ലാം മുത്തം നല്‍കുന്നതും. .ജവിത പ്രാരാബ്ദങ്ങളില്‍ പെട്ടുഴലുന്ന ഒരുപാട് മനുഷ്യര്‍ക്ക് അത് ആശ്വാസമേകുന്നുണ്ടാവാം.

തന്നെക്കാണാനും ആശ്ലേഷിക്കാനും എത്തുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളുണ്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടോ എന്നും മറ്റും നോക്കിയിട്ടല്ല അവര്‍ തന്റെ ഭക്തരെ സ്വീകരിക്കുന്നത്. അതിനെ ട്രോളുമ്പോള്‍ നമ്മള്‍ സൗകര്യപൂര്‍വ്വം മറ്റു ചിലതിനെ വെറുതെ വിടുന്നു-ട്രോളില്‍ ഇരട്ടത്താപ്പ് പാടില്ല.

ട്രോളുകള്‍ വെറും തമാശയായി കണ്ടാല്‍ മതി എന്നാണ് നിങ്ങളുടെ തര്‍ക്കുത്തരമെങ്കില്‍ മറ്റു മതസ്ഥരുടെ കാര്യത്തില്‍ എന്തുകൊണ്ട് തമാശകള്‍ സൃഷ്ടിക്കുകയൊ പ്രചരിപ്പിക്കുകയൊ ചെയ്യുന്നില്ല- വിശാസികള്‍ സാഹോദര്യത്തിന്റെ പ്രതീകമായി നമസ്‌കാര ശേഷം പരസ്പരം ആശ്ലേഷിക്കാറുണ്ടല്ലോ.

ക്രിസ്ത്യന്‍ പുരോഹിതര്‍ ഭക്തരുടെ വായിലേക്ക് കൈകൊണ്ടാണു കുര്‍ബാന കഴിഞ്ഞ അപ്പം നല്‍കുന്നത്- വിശുദ്ധ ദിവസത്തില്‍ ഭക്തരുടെ കാല്‍ കഴുകികൊടുക്കുന്നതും കാണാം.

ഇവിടെയൊന്നും പരിഹാസത്തിന്റെ ട്രോളുകള്‍ കാണുന്നില്ല-അതുകൊണ്ട് ട്രോളന്മാരും പരിഹാസികളും ഒരു കാര്യം ശ്രദ്ധിക്കുക, മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടുക. അല്ലെങ്കില്‍ എല്ലാവരേയും ഒരുപോലെ തമാശിക്കുക. ട്രോളില്‍ വര്‍ഗ്ഗീയത വേണ്ട എന്ന് വെയ്ക്കുക.

പരിഹസിക്കപ്പെടുന്നവനുകൂടി ആസ്വാദ്യകരമാവുംബോഴേ അത് അര്‍ഥവത്തായ തമാശയാകൂ. ട്രോളില്‍ ഇരട്ടത്താപ്പ് വേണ്ട എന്ന് സാരം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram