കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ശിക്കാരി ശംബു എന്ന സിനിമയുടെ എഴുത്തുകാരില്‍ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രം ജിമ്മി ഈ വീടിന്റെ ഐശ്വര്യം ദുബായില്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
താരങ്ങളായ മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടൊവിനോ, അജു വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പങ്കുവച്ചിട്ടുണ്ട്.
ഗോള്‍ഡന്‍ എസ് പിക്ച്ചറിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ് ശ്യാംകുമാര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ സംവിധായകനും, നിര്‍മാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയായികള്‍ ആണ്.
കൂടാതെ ഹോളിവുഡ് സിനിമയില്‍ പ്രധാന താരമായി അഭിനയിച്ച സൂപ്പര്‍ ഡോഗ് ആദ്യമായി ഒരു ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
മിഥുന്‍ രമേശ് , ദിവ്യ പിള്ള എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
സംഗീതം-എം.ജയചന്ദ്രന്‍, ഛായാഗ്രഹണം-അനില്‍ ഈശ്വര്‍, കഥ-അനൂപ് മോഹന്‍, തിരക്കഥ-ഷാനവാസ് അബ്ബാസ്. നവംബറില്‍ ചിത്രം തിയ്യറ്ററുകളിലെത്തും.
Content Highlights : Jimmy Ee Veedinte Aishwaryam Movie Fist Look Poster Midhun ramesh Divya Pillai