മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ജയസൂര്യയുടെ ഒരു ജോക്ക്; ''വി.പി സത്യന്റെ റോള്‍ ചെയ്ത ജയസൂര്യാണ് ഐ.എം വിജയനെ അവതരിപ്പിക്കാന്‍ യോഗ്യന്‍.''
കൊച്ചിയിലെ കായല്‍ക്കരയില്‍ ഐ.എം വിജയനും ജയസൂര്യയും മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി ഓണം ഓർമകളുമായി ഒത്തുചേര്‍ന്നപ്പോള്‍ അവിടെ വിരിഞ്ഞത് ചിരിയും സൗഹൃദവുമാണ്. ജീവിതത്തോട് പൊരുതി മുന്നേറിയ രണ്ടുപേര്‍. അവര്‍ തമ്മിലുള്ള സംസാരത്തിനിടെയാണ് വിജയന്റെ സിനിമയെക്കുറിച്ചുള്ള ചോദ്യവും ഉയര്‍ന്നത്. ജയസൂര്യയ്ക്ക് വിജയന്‍ നല്‍കിയ മറുപടിയിങ്ങനെ.
''എന്റെ സിനിമില്‍ നീയോ... അതെങ്ങനെ നീ തുടുത്തു ചുവന്ന് ആപ്പിളിപോലെ സുന്ദരനല്ലേ.''- വിജയന്റെ നര്‍മം ആസ്വദിച്ച് ജയസൂര്യ ഉറക്കെ പൊട്ടിച്ചിരിച്ചു.
ചിരിയുടെ പൂരമടങ്ങിയപ്പോള്‍ ജയസൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന തൃശ്ശൂര്‍ പൂരമെന്ന സിനിമയെക്കുറിച്ചായി സംസാരം: ''വിജയന്‍ തൃശ്ശൂരിന്റെ ബ്രാന്‍ഡ്അംബാസഡറാണ്. പക്ഷേ, കൊച്ചിക്കാരനായ ഞാനാണ് തൃശ്ശൂരുകാരുടെ റോളില്‍ കൂടുതല്‍ അഭിനയിച്ചത്. തൃശ്ശൂരുകാരുടെ സംസാരരീതി, സ്ലാങ് എനിക്ക് പെരുത്തിഷ്ടാണ്. തൃശ്ശൂര്‍ ഭാഷ നമ്മളെ സംബന്ധിച്ചിടത്തോളം പറഞ്ഞുഫലിപ്പിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍, ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറയുന്ന ഭാഷയാണത്. നീ പോയിട്ട് എന്തായീന്ന് ചോദിച്ചാല്‍ തൃശ്ശൂരുകാരന്‍ പറയും, തേങ്ങായീന്ന്. പിന്നെ ഒന്നും വിശദീകരിക്കേണ്ടതില്ല. ലോകത്ത് മറ്റൊരു ഭാഷയിലും ഇത്ര ലളിതമായി ആശയവിനിമയം നടക്കില്ല'' -ജയസൂര്യ പറഞ്ഞുനിര്‍ത്തുംമുമ്പേ വിജയന്റെ ചോദ്യം: ''ശരിക്കും നീ തൃശ്ശൂരാരനാഷ്ടാ?''
''മാവേലീം തൃശ്ശൂരുകാരനാണോന്നാ എന്റെ സംശയം. അടക്കിവാഴുന്ന മൂന്നുലോകങ്ങളും നഷ്ടമായിട്ടും ഒരു വിഷമോം ഇല്ലാതെ കുടയും ചൂടി കൊല്ലംതോറും പ്രജകളെ കാണാന്‍ വരുന്നല്ലോ? ഏത് പ്രതിസന്ധിയിലും തിരിച്ചടിയിലും കുലുങ്ങാതെ നില്‍ക്കുന്നോരാണ് തൃശ്ശൂരുകാര്‍. ഇന്നസെന്റേട്ടന്റെ കാര്യംതന്നെ നോക്ക്. കാന്‍സര്‍പോലെ ഒരു രോഗത്തെ നര്‍മംകൊണ്ട് കീഴടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് തൃശ്ശൂരുകാരനായതുകൊണ്ടാണ്. അദ്ദേഹത്തിന്റെ പുസ്തകം 'കാന്‍സര്‍ വാര്‍ഡിലെ ചിരി' നമ്മളെല്ലാവരും വായിക്കണം. രോഗത്തോട് പോടാ പുല്ലേ എന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇനി വിജയേട്ടന്റെ കാര്യം. വീട്ടില്‍ കഴിഞ്ഞ രണ്ടു പ്രളയത്തിലും വെള്ളം കയറി. ആ മനുഷ്യന്‍ ഇതാ കൂളായി നമ്മള്‍ക്ക് മുന്നിലിരിക്കുന്നു. തൃശ്ശൂരുകാര്‍ക്ക് എന്റെ ബിഗ് സല്യൂട്ട്.''
Content Highlights: Jayasurya IM Vijayan Conversation talks about Onam, life struggles, Cinema, Biopic,