തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. തമിഴില്‍ 'തലൈവി' എന്നും ഹിന്ദിയില്‍ 'ജയ' എന്നും പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയാകുന്നത്.
കങ്കണയുടെ അമ്പരപ്പിക്കുന്ന മേക്കോവർ കൊണ്ടാണ് ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെടുന്നത്. ഇതിനായി പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യുന്ന കങ്കണയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
ഒരു സൂപ്പര്‍സ്റ്റാര്‍ ഹീറോയിന്‍,റെവല്യൂഷനറി ഹീറോ...നിങ്ങള്‍ക്കറിയുന്ന പേര് എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ജീവിത കഥ എന്നാണ് ഫാസ്റ്റ് ലുക്കില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
എന്നാല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളുകളും സജീവമാണ്. കങ്കണയ്ക്ക് ജയലളിതയുമായി ഒരു സാമ്യവുമില്ലെന്നും ഫസ്റ്റ് ലുക്കില്‍ ബൊമ്മ പോലെ ഇരിക്കുന്നുവെന്നും ചിലര്‍ പറയുമ്പോള്‍, മേക്കപ്പ് ദുരന്തമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. തങ്ങള്‍ തീര്‍ത്തും നിരാശരാണെന്ന് പ്രതികരിച്ച കങ്കണ ആരാധകരുമുണ്ട്.
നടനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.
Content Highlights : Jayalalitha's Biopic Thalaivi First Look Starring Kangana Ranaut Directed by AL Vijay