സിനിമ പിടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് സിനിമയുടെ പ്രചരണമെന്നാണ് ഇര്‍ഫാന്‍ ഖാന്റെ വാദം. ബോളിവുഡ് സിനിമകള്‍ പ്രചരണത്തിന് വേണ്ടി പണം വാരി എറിയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവയൊന്നും ഫലപ്രദമാകാറില്ലെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.
ഈ സാഹചര്യത്തിലാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ മദാരിയുടെ പ്രചരണത്തിന് തികച്ചും വ്യത്യസ്തമായ ഒരു ആശയവുമായി ഇര്‍ഫാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ നേരിട്ടുകണ്ട് അഭിമുഖം നടത്തുകയാണ് ഇര്‍ഫാന്റെ ലക്ഷ്യം.
ഇതിന്റെ ആദ്യപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരോട് നേരിട്ടു കാണാന്‍ അനുവാദം തരണമെന്ന് ഇര്‍ഫാന്‍ ട്വിറ്ററിലൂടെ അപേക്ഷിച്ചിരുന്നു.രാഹുലും കെജ്‌രിവാളും ഇര്‍ഫാനെ നേരിട്ടു കാണാന്‍ തയ്യാറാണെന്ന് മറുപടി നല്‍കിക്കഴിഞ്ഞു. ചൊവ്വാഴ്ച 11 മണിക്കാണ് ഇര്‍ഫാന്‍ കെജ് രിവാളിനെ കാണുക.
എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തീരുമാനമായിട്ടില്ല. പാര്‍ലമെന്റ് സമ്മേളനമായതിനാല്‍ ഇപ്പോള്‍ തിരക്കിലാണെന്നും, കൂടുതല്‍ വിശദാംശങ്ങള്‍ ഒരു കത്ത് മുഖേന അറിയിക്കാനും പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇര്‍ഫാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ ജനങ്ങളുടെ ജീവിതം പ്രമേയമാക്കി കുറഞ്ഞ ചെലവില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മദാരി. അതിനാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച കാര്യങ്ങളായിരിക്കും ഇര്‍ഫാന്‍ ഖാന്‍ നേതാക്കളോട് ചോദിക്കുക.