മലയാളവും തമിഴും കടന്ന് ബോളിവുഡിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ പാര്‍വതി. ഇര്‍ഫാന്‍ ഖാന്‍-പാര്‍വതി ജോഡികള്‍ ഒന്നിച്ച കരീബ കരീബ സിംഗിൾ അടുത്ത ആഴ്ച റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എന്നാല്‍ ചിത്രത്തിലെ നായകന്‍ തന്റെ നായികയെ എത്ര മാത്രം മിസ്സ് ചെയ്യുന്നു എന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രീകരണം തീര്‍ന്ന് പ്രമോഷന്‍ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുകയാണ് . എവിടെ പോയാലും ഏത് ചിത്രം ആരുടെ കൂടെ എടുത്താലും തന്റെ നായികയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറയുന്ന കുറിപ്പുകളോടെയാണ് ഇര്‍ഫാന്‍ അവ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. പാര്‍വതിയും ഈ കുറിപ്പുകളോട് അങ്ങേയറ്റം സ്‌നേഹത്തോടെയാണ് പ്രതികരിച്ചിട്ടുള്ളത്.
കൊല്‍ക്കത്തയില്‍ ചിത്രത്തിന്റെ ഡേറ്റ് നൈറ്റിനോട് അനുബന്ധിച്ച് പോയ ഇര്‍ഫാന്‍ കരച്ചിലിന്റെ വക്കോളമെത്തിയാണ് തന്റെ നായികയ്ക്കായി പോസ്റ്റിട്ടത്. 'പാര്‍വതി ഞാന്‍ കണ്ണുനീരിനെ വെറുക്കുന്നു. മുംബൈയില്‍ വേഗം കണ്ടുമുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു'. ഇര്‍ഫാന്‍ കുറിച്ചു.ഇതിന് പാര്‍വതി മറുപടിയും നല്‍കിയിട്ടുണ്ട്. "ഇര്‍ഫാന്‍ ഞാനിതാ വരികയാണ് ഇനി കണ്ണീരില്ല ഡേറ്റിംഗിനായി കാത്തിരുപ്പുമില്ല" എന്നായിരുന്നു പാര്‍വതിയുടെ മറുപടി.
ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടികള്‍ക്കിടെ പാര്‍വതിയെ വാനോളം പ്രശംസിച്ചിരുന്നു ഇര്‍ഫാന്‍ ഖാന്‍. "പാര്‍വതി വലിയൊരു പ്രതിഭയാണ്. അവര്‍ക്ക് ധാരാളം ആരാധകരുണ്ട് അതുകൊണ്ട് തന്നെ എന്നെ ചിത്രത്തില്‍ ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് ചെറിയ പേടിയുണ്ട്. അവരിത്രയും പ്രതിഭാധനയായ നടിയായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ഇത്ര നന്നായി വരില്ലായിരുന്നു" - ഇര്‍ഫാന്‍ പറഞ്ഞു.
തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ഖരിബ് ഖരിബ് സിംഗിളി ബിക്കാനേര്‍, ഋഷികേശ്, ഗാങ്‌ടോക്ക് എന്നിവിടങ്ങളിലാണ് ചിത്രീക്കരണം നടന്നത്. അപരിചിതരായ രണ്ടുപേര്‍ ഒരു യാത്രക്കിടെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.നവംബര്‍ 10-ന് ചിത്രം തിയറ്ററുകളിലെത്തും.