തൃശൂര്‍: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്ന അഭ്യൂഹം പ്രസിഡന്റ് ഇന്നസെന്റ് തള്ളിക്കളഞ്ഞു. ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണത്. അതൊരു കള്ളവാര്‍ത്തയാണ്. പ്രസിഡന്റ് സ്ഥാനത്ത് ഞാന്‍ അള്ളിപ്പിടിച്ചിരിക്കുന്നതല്ല. എന്നെ പിടിച്ചുകൊണ്ടിരുത്തുന്നതാണ്. കഴിഞ്ഞ തവണയും ഞാന്‍ വേണ്ടെന്ന് പറഞ്ഞതാണ്-തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോള്‍ പോലും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ദിലീപ് പറഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ ജനറല്‍ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കൂവിയതില്‍ ക്ഷമ ചോദിക്കുന്നു. മുകേഷും മറ്റും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതല്ല, അവര്‍ ആവേശം കൊണ്ട് പറഞ്ഞുപോയതാണ്. എങ്കിലും അത് തെറ്റായിപ്പോയെന്ന് മനസ്സിലാവുന്നു. എന്റെ ഇമേജ് വരെ മോശമായിപ്പോയി. ഗണേഷ് തനിക്ക് അയച്ച കത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് തീര്‍ത്തുകഴിഞ്ഞതാണ്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഗണേഷ് കത്തില്‍ പറഞ്ഞിട്ടില്ല. ഇന്നുവരെ അമ്മയില്‍ നിന്ന് ഇന്നസെന്റോ മറ്റുള്ളവരോ പൈസ എടുത്തുവെന്ന് ആരും പറഞ്ഞിട്ടില്ല. ജനപ്രതിനിധി എന്ന നിലയിലല്ല സംഘടനയിലെ ഒരു അംഗം എന്ന നിലയിലാണ് അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ അമ്മയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സംഘടന ഇരയായ നടിക്കൊപ്പമാണ്. നടിയെ സംരക്ഷിച്ചില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. ആ രാത്രി സംഘടനയുടെ ആള്‍ക്കാരാരും ഉണ്ടായിരുന്നില്ല. പിന്നീട് നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും വിളിച്ചിരുന്നു. കേസില്‍ സംഘടനയിലെ അംഗങ്ങള്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അപ്പോള്‍ വേണ്ട നടപടി കൈക്കൊള്ളും-ഇന്നസെന്റ് പറഞ്ഞു. അല്ലാതെ വെറുതെ ദിലീപിനെ അറസ്റ്റ് ചെയ്യണമെന്ന് പറയാന്‍ കഴിയില്ല.
സിനിമാക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നടികളാരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിക്കും. പിന്നെ ചില മോശം ആൾക്കാർ കിടക്ക പങ്കിട്ടെന്നു വരും-ഒരു ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു. അമ്മയില്‍ എന്നും രണ്ട് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്. അവരാരും എപ്പോഴും വരാറില്ലെന്ന് മാത്രം-ഇന്നസെന്റ് പറഞ്ഞു.