കൊച്ചി:അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ ശത്രുക്കളല്ലെന്നും നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദിലീപ് സംഘടനയ്ക്കയച്ച കത്ത് ചര്‍ച്ച ചെയ്യുമെന്നും ഇടവേള ബാബു പറഞ്ഞു.
കൊച്ചിയില്‍ മാതൃഭൂമിയോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ നടിമാരുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഭവം കൈവിട്ടുപോവുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം വീണ്ടും വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ കുറ്റവിമുക്തനാക്കപ്പെടുന്നത് വരെ സംഘടനയിലേക്കില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദിലീപ് അമ്മ ജനറല്‍ സെക്രട്ടറിക്ക് ഇന്ന് കത്തയച്ചിരുന്നു. മോഹന്‍ലാലാണ് അമ്മയുടെ പുതിയ പ്രസിഡന്റ്.