ഐ വി ശശി തിരിച്ചുവരുന്നു, ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി


പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയിക്കൊപ്പം കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാനാണ് ഐ വി ശശി ഒരുങ്ങുന്നത്

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമക്ക് ഒരുപാട് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഐ വി ശശി സിനിമാ രംഗത്തേക്ക് തിരിച്ചുവരുന്നു. പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയിക്കൊപ്പം കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാനാണ് ഐ വി ശശി ഒരുങ്ങുന്നത്. മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ശശി ഇക്കാര്യം അറിയിച്ചത്.

കുവൈറ്റ് യുദ്ധത്തെ കുറിച്ചുള്ള സിനിമ എല്ലാകാലത്തും തന്റെ സ്വപ്‌നമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മൂന്നുവര്‍ഷം മുന്‍പേ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ബേര്‍ണിങ് വെല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് അല്‍പ്പം കാത്തിരിക്കേണ്ടി വരും. മലയാളത്തില്‍ ഇത്രയും വലിയൊരു ചിത്രം ചെയ്യാന്‍ പരിമിതികള്‍ ഉള്ളതുകൊണ്ടാണ് ഹിന്ദിയില്‍ സിനിമയെടുക്കുവാന്‍ പോകുന്നത്.

മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാകും ചിത്രം പുറത്തിറക്കുക. തന്റെ ആഗ്രഹത്തെ കുറിച്ച് സോഹന്‍ റോയിയോട് പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയായിരുന്നെന്ന് ശശി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജീവിതത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിത്. തിരക്കഥ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു. എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും തനിക്കൊപ്പം വേണം വേണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram