കൊച്ചി: മാമാങ്കം സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയിലുള്ള കേസ് ആറു മാസത്തിനകം തീര്‍പ്പാക്കണം. കേസ് തീര്‍പ്പാകും വരെ തിരക്കഥാകൃത്തിന്റെ പേര് സിനിമയിലോ ഇതുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളിലോ പ്രദര്‍ശിപ്പിക്കരുതെന്നും ജസ്റ്റിസ് വി. ഷിര്‍സി ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കി സിനിമാ നിര്‍മ്മാതാവ് സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
'മാമാങ്കം' സിനിമയ്ക്കെതിരേ സജീവ് പിള്ള നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരന്റെ കേസ് പ്രഥമദൃഷ്ട്യാ ശക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
2010ല്‍ തിരക്കഥയുടെ കരട് തയ്യാറാക്കിയതായി സജീവ് പിള്ള വ്യക്തമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്ത ഈ തിരക്കഥ 'മാമാങ്കം' എന്ന പേരില്‍ പരിഷ്‌കരിച്ചു. ഇത് സിനിമയാക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയുമായി കരാര്‍ ഉണ്ടാക്കി. പിന്നീട് ഈ സിനിമയില്‍ നിന്ന് ഒഴിവാക്കി. തിരക്കഥാകൃത്തായി മറ്റൊരാളുടെ പേരാണ് ഇപ്പോള്‍ പറയുന്നതെന്നും തിരക്കഥയുടെ പകര്‍പ്പവകാശം തനിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് സജീവ് പിള്ള ചിത്രത്തിനെതിരേ കേസ് നല്‍കിയത്.
റിലീസ് തടയണമെന്ന ആവശ്യം കീഴ്ക്കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വന്‍ മുതല്‍മുടക്കുള്ള ചിത്രം ഒരുപാടു പേരുടെ പ്രയത്നഫലമാണെന്ന് നിര്‍മ്മാതാവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. തിരക്കഥാകൃത്തിന്റെ പേരിനെച്ചൊല്ലി റിലീസ് തടഞ്ഞാല്‍ വന്‍ നഷ്ടമുണ്ടാകും. വ്യാഴാഴ്ച റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്നാണ് റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചത്.
Content Highlights: high court rejects plea seeking stay on mammootty starrer movie mamangam