ജി.പി എന്ന ഗോവിന്ദ് പത്മസൂര്യ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. കോളേജ് കാമ്പസുകളില്‍ ഒരുപാട് ആരാധികമാരുണ്ട് ഈ യുവതാരത്തിന്. ഫോണില്‍ പറന്നെത്തുന്ന പ്രണയാക്ഷരങ്ങളും ഫെയ്‌സ്ബുക്കിലെ കമന്റുകളും ഈ ഇഷ്ടത്തിന് അടിവരയിടുന്നു.
ടെലിവിഷന്‍ അവതാരകനായെത്തിയതിന് ശേഷം തന്നെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ജി.പി പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ജി.പി മനസ്സ് തുറന്നത്.
എല്ലാവരും സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ജി.പി പറയുന്നു. അതേസമയം ചില ആരാധികമാര്‍ ജി.പിയ്ക്ക് നല്ല പണി കൊടുത്തിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് ജി.പി.
'കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളേജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനാധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ്ട്. ഒരു കുട്ടി വന്ന് എനിക്ക് വലിയ ഒരു ബൊക്കെ സമ്മാനിച്ചു. മറ്റൊരു കുട്ടി സ്‌റ്റേജിലേക്ക് വന്ന് എന്നെകൊണ്ട് പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വേറൊരു കുട്ടി വന്നു. ദൗത്യം അറിയാതെ ഞാന്‍ വിനയത്തോടെ എഴുന്നേറ്റ് നിന്നു. ആ കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഞാന്‍ ശരിക്കും ചമ്മി. സത്യം പറഞ്ഞാല്‍ കിളി പോയി. ടീച്ചര്‍ എന്നോട് സോറി പറഞ്ഞു.
നാണക്കേട് കാരണം ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. കുറച്ച് കാലത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഞാന്‍ ഒരു കല്യാണത്തിന് പോയി. ഞാന്‍ ഗസ്റ്റായി പോയ അതേ കോളേജിലെ ഒരു കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്കരികില്‍ വന്ന് പറഞ്ഞു. ''അന്ന് പത്മസൂര്യയെ ഉമ്മ വച്ച കൂട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നാ കേട്ടത്'' അങ്ങനെ സംഭവം വീട്ടിലും അറിഞ്ഞു.
അടുത്തിടെ ലുലു മാളില്‍ പോയപ്പോഴും ഒരു സംഭവം ഉണ്ടായി. ആള്‍ക്കാര്‍ തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ ഗ്ലാസും ഹാറ്റും വയ്ക്കാറുണ്ട്. പക്ഷേ അവിടെ പോയപ്പോള്‍ കുറച്ച് സ്‌കൂള്‍ കുട്ടികളെ കണ്ടു. അവരെന്നെ തിരിച്ചറിയുകയും ജീപി എന്ന് വിളിച്ച് ഓടിവന്ന് വിശേഷങ്ങള്‍ തിരക്കി.
കുറെക്കഴിഞ്ഞപ്പോള്‍ മുന്നാംനിലയിലെ ലിഫ്റ്റിനരികില്‍ ആ കൂട്ടത്തിലെ ഒരു പെണ്‍കുട്ടി എന്നെ കാത്ത് നില്‍ക്കുന്നു. കായ്‌വറുത്തതിന്റെ പാക്കറ്റുണ്ട് കയ്യില്‍. അവള്‍ എനിക്ക് തരാനായി കൊണ്ടുവന്നതാണ്. ഞാന്‍ അവളെ സന്തോഷിപ്പിക്കാന്‍ കുറച്ച് ചിപ്പ്‌സ് എടുത്തു. യാത്ര പറയാന്‍ നേരം അവള്‍ എന്റെ ഷര്‍ട്ടിന്റെ പിറകില്‍ പിടിച്ചു. ''എന്തേ'' ... ഞാന്‍ ചോദിച്ചു. ''ജി.പി എനിക്കൊരു ഉമ്മ തര്വോ...?''
ഞാന്‍ ഞെട്ടിപ്പോയി അവളുടെ കവിളില്‍ തട്ടി... ചിരിച്ചുകൊണ്ട് ഞാന്‍ അവിടെ നിന്ന് തടിതപ്പി.'
Content Highlights: Actor Anchor Govind Padmasoorya