ഗോപി സുന്ദറിന് കോപ്പിയടി വിവാദം പുത്തരിയല്ല. ഏത് പുതിയ പാട്ടൊരുക്കുമ്പോഴും മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകനും കൂടിയായ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ ഈ പരിഹാസങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. വിമര്‍ശനങ്ങളെ വളരെ സഹിഷ്ണുതയോടെ നേരിടാനും ഗോപി സുന്ദറിനറിയാം. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും പുതിയ വിവാദം. ചിത്രത്തിലെ ഒരുഗാനത്തിന് എആര്‍ റഹ്മാന്‍ ഒരുക്കിയ ഒരു പാട്ടുമായി കടുത്ത സാമ്യമുണ്ടെന്നായിരുന്നു വിമര്‍ശനം. ഇതിന് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരിക്കുകയാണ്. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഒമറിന്റെ വിശദീകരണം.
'ചിത്രത്തില്‍ രംഗ് ദേ ബസന്തി, തട്ടത്തിന്‍ മറയത്ത്, സാഗര്‍ ഏലിയാസ് ജാക്കി, ഹിറ്റ്‌ലര്‍ തുടങ്ങിയ ചിത്രങ്ങളിലെയൊക്കെ സംഗീതം ഉപയോഗിച്ചിട്ടുണ്ട്. ഈ ചിത്രം ഒരു സ്പൂഫ് കൂടിയാണ്. അതിന്റെ ഭാഗമായാണ് സംഗീതം ഉപയോഗച്ചത്. പലരും ഇത് മനസ്സിലാക്കാതെ വിമര്‍ശിക്കുന്നുണ്ട്. ഗോപി സുന്ദര്‍ ഇതു പ്രശ്‌നമാകുമോ എന്ന് എന്നോട് ചോദിച്ചിരുന്നു. അപ്പോള്‍ സ്പൂഫിന്റെ ഭാഗമല്ലേ എന്നു ഞാനാണ് പറഞ്ഞത്. വളരെ ഫ്ലെക്സിബിളായ മ്യൂസിക്ക് ഡയറക്ടറാണ് അദ്ദേഹം.
തനിക്കെതിരായ ട്രോളുകള്‍ ആസ്വദിക്കുന്ന ആളാണ് ഗോപിച്ചേട്ടന്‍. ഒരു ട്രോള്‍ വന്നാല്‍ 'ഒമറേ, ഇന്ന് പുതിയ ട്രോള്‍ വന്നിട്ടുണ്ടെ'ന്ന് പറഞ്ഞ് നമ്മളെ വിളിച്ചു കാണിക്കും. ഇത്രയൊക്കെ ട്രോളുകള്‍ വന്നിട്ടും ഗോപിച്ചേട്ടന്‍ ഒരു മാസം അഞ്ചു സിനിമയാണ് ചെയ്യുന്നത്. കോടികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അത് ഈ വിമര്‍ശിക്കുന്നവര്‍ അറിയുന്നില്ല. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.'
Share this Article
Related Topics