നടി ശ്രുതി ഹരിഹരന്റെ പരാതിയില്‍ നടന്‍ അര്‍ജുന്‍ സര്‍ജയ്ക്കെതിരേ പോലീസ് കേസെടുത്തു. മീ ടൂ കാമ്പയിനിന്റെ ഭാഗമായി ശ്രുതി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടനെതിരേ കേസ് എടുത്തത്. ബെംഗളൂരു കബേൺ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് ശ്രുതി നടനെതിരേ പരാതി നല്‍കിയിരിക്കുന്നത്. 354, 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക, സംസാരിക്കുക, അപമര്യാദയായി നോക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പുകളാണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോപണവിധേയന്റെ പ്രവൃത്തി തനിക്ക് അപമാനമുണ്ടാക്കിയെന്ന സ്ത്രീയുടെ മൊഴി മാത്രം മതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍. രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. അര്‍ജുനെ അറസ്റ്റ് ചെയ്യുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ശക്തമാണ്.
മീ ടൂ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അര്‍ജുന്‍ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയതിന്റെ തൊട്ടു പിറകെയാണ് ശ്രുതി പോലീസിൽ പരാതി നൽകിയത്. ബെംഗളൂരൂ സിറ്റി സിവിൽ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. അര്‍ജുനുമായി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നിയമയുദ്ധം തുടരുമെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.
നിബുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. റിഹേഴ്‌സലിന്റെ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ തന്നെ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തി. ആരോപണങ്ങള്‍ നിഷേധിച്ച് അര്‍ജുന്‍ രംഗത്ത് വരികയും ചെയ്തു.
അര്‍ജുന്റെ മാനേജര്‍ പ്രശാന്ത് സമ്പാര്‍ഗിക്കെതിരേയും ശ്രുതി പോലീസില്‍ പരാതി നല്‍കി. അര്‍ജുനെതിരേ സംസാരിച്ചതിന് തന്നെ കൊല്ലുമെന്ന് പ്രശാന്ത് ഭീഷണിപ്പെടുത്തിയതായി ശ്രുതി ആരോപിച്ചു.
ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്തെത്തി. അതേ സമയം അര്‍ജുനെ പിന്തുണച്ച് നിബുണന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ രംഗത്തുവന്നു. കര്‍ണാടക ഫിലിം ചേമ്പറിലും ഈ വിഷയം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
Content Highlights: fir against actor arjun sarja sruthi hariharan me too defamation case nibunan movie