കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ചില പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദമുണ്ടെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍. രണ്ടു ദിവസമായി പലരും തന്നെ വിളിച്ച് സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ പേര് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും ഫെനി ബാലകൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പല സ്ഥലത്ത് നിന്നും കോളുകള്‍ വരുന്നുണ്ട്. പലരും വിളിക്കുന്നുണ്ട്. ചില പ്രമുഖ നടിമാരുടെ പേര് പറയണമെന്ന് ഇവര്‍ സമ്മര്‍ദം ചെലുത്തുന്നു. എന്നാല്‍ ഞാന്‍ അതിന് ഒരുക്കമല്ല. ഫെനി വ്യക്തമാക്കി. ആലുവ പോലീസ് ക്ലബ്ബില്‍ മൊഴി നല്‍കി പുറത്തിറങ്ങുമ്പോഴാണ് ഫെനി ഇക്കാര്യം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്.
നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഒരു 'മാഡം' ഉണ്ടെന്നും പക്ഷേ ആ മാഡം ആരാണെന്ന് തനിക്കറിയില്ലെന്നും ഫെനി നേരത്തെ പറഞ്ഞിരുന്നു. മാഡം ആരെന്ന കാര്യത്തില്‍ സിനിമക്കകത്തും പുറത്തും നിരവധി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
തന്നെ വന്ന് കണ്ട പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളുടെ അടയാളങ്ങള്‍ താന്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഫോട്ടോ കാണിച്ചു. പക്ഷേ ആ ഫോട്ടോ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഫെനി വ്യക്തമാക്കി.
ചെങ്ങന്നൂരില്‍ വെച്ച് പള്‍സറിന്റെ സുഹൃത്തുക്കളായ മനോജും മഹേഷും തന്നെ സമീപിച്ച കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സത്യമാണെന്ന് പരിശോധിക്കാന്‍ ചെങ്ങന്നൂരില്‍ കൂടിക്കാഴ്ച്ച നടത്തിയ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും ഫെനി ചൂണ്ടിക്കാട്ടി.
ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയ കാര്യം ദിലീപ് പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തന്നെ മൊഴിയെടുക്കാന്‍ വിളിച്ചത്. ഫെനി വ്യക്തമാക്കി. രണ്ട് മണിക്ക് തുടങ്ങിയ ഫെനിയുടെ മൊഴിയെടുക്കല്‍ ഒന്നര മണിക്കൂറിലേറെ നീണ്ടു.