ഓ.ടി.ടി പ്ലാറ്റ്ഫോം എന്നത് സിനിമയുടേയും എന്റര്‍ടെയിന്‍മെന്റിന്റേയും ഭാവിയായാണ് കാണുന്നതെന്ന് നടന്‍ നീരജ് മാധവ്. ആമസോണ്‍ പ്രൈം വെബ് സീരീസായ ദ ഫാമിലി മാന്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട ചടങ്ങിനായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. ഫാമിലി മാനിലേക്കുള്ള ഓഫര്‍ വന്ന സമയത്ത് ഇന്ത്യയില്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ സജീവമായിരുന്നില്ല. രാജ്, ഡി.കെ എന്നീ സംവിധായകരുടെ സീരീസ് എന്ന് പറഞ്ഞപ്പോള്‍ വളരെ അദ്ഭുതം തോന്നി. കൂടുതലൊന്നും ചിന്തിക്കേണ്ടിവന്നില്ല. പിന്നെ മനോജ് ബാജ്പേയി എന്ന പേരും ഈ സീരീസിലേക്കാകര്‍ഷിച്ചു.
രണ്ട് മണിക്കൂര്‍ സിനിമയേക്കാള്‍ വലിയ ജോലികളാണ് സീരീസിന്റെ പിന്നിലുള്ളത്. പലരും ഈയിടെ ഞാന്‍ എവിടെയായിരുന്നു എന്ന് ചോദിക്കാറുണ്ടായിരുന്നു. സിനിമയില്ലേ എന്നും ചോദിച്ചിരുന്നു. ഈ സീരീസിന്റെ ജോലികളിലായിരുന്നു. മൂസ റഹ്മാന്‍ എന്ന് കഥാപാത്ര് ഒരു മലയാളി തീവ്രവാദിയാണ്. ന്യൂസ് റെഫറന്‍സുകള്‍ ഒരുപാടെടുത്തിരുന്നു. ഐ.എസ് പശ്ചാത്തലം പറയുന്നുണ്ട്. വില്ലത്തരം ഉള്ള തീവ്രവാദിയല്ല. എന്തുകൊണ്ട് അയാള്‍ ഇങ്ങനെയായി എന്ന് പറയുന്നുണ്ട്. ഒരുപാട് സാമൂഹികമായ കാര്യങ്ങള്‍ പറയുന്നുണ്ട്. പിന്നെ സെറ്റില്‍ എല്ലാവരും എന്നെ മൂസ എന്നാണ് വിളിച്ചിരുന്നത്.
ഞാന്‍ ഇതുവരെ അഭിനയിച്ചതില്‍ ഒരു സഹപ്രവര്‍ത്തകനെ ഏറ്റവും കംഫര്‍ട്ടാക്കി നിര്‍ത്തിയത് ലാലേട്ടനായിരുന്നു. അതുപോലെ തന്നെയാണ് മനോജ് ബാജ്പേയി. നന്നായി ഇംപ്രവൈസ് ചെയ്യും. സിങ്ക്സൗണ്ടായിരുന്നു. ഹിന്ദി ഒരുപാട് പഠിക്കേണ്ടതായി വന്നു. അദ്ദേഹം എന്താണ് കയ്യില്‍ നിന്നിടുക എന്ന് പറയാന്‍ പറ്റില്ല. ഞാനിതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു അത്. എന്തുകൊണ്ടാണ് എന്നെ ഈ റോളിലേക്ക് തിരഞ്ഞെടുത്തതെന്ന് ആലോചിച്ചിട്ടുണ്ട്.
മുകേഷ് ചാബ്ര എന്ന കാസ്റ്റിങ് ഏജന്‍സിയില്‍ നിന്നാണ് എനിക്ക് വിളി വരുന്നത്. ഓഡിഷന്‍ ചെയ്യാമോ എന്നായിരുന്നു വിളിച്ചപ്പോള്‍ ചോദിച്ചത്. അവിടെ ചെന്നപ്പോഴാണ് മനസിലായത് അവര്‍ നേരത്തെ തന്നെ എന്റെ ഫൂട്ടേജുകളൊക്കെ കണ്ട് ഹോം വര്‍ക്ക് ചെയിതിരുന്നെന്ന് മനസിലായത്. കഥയും കഥാപാത്രവും കേട്ടപ്പോള്‍ത്തന്നെ എന്റെ കിളി പോയി. പൊതുവേ ഹിന്ദിസിനിമകളില്‍ തെന്നിന്ത്യന്‍ ഇന്ത്യന്‍ കഥാപാത്രമുണ്ടെങ്കില്‍ അത് വളരെ കൃത്രിമമായിട്ടാണ് പ്രേക്ഷകര്‍ക്ക് തോന്നുക. പക്ഷേ ഫാമിലി മാനില്‍ അതാത് ഭാഷകളിലുള്ള താരങ്ങളെ തന്നെയാണ് അഭിനയിപ്പിച്ചിരിക്കുന്നത്. പ്രിയാമണി ഇതില്‍ തമിഴ് സംസാരിക്കുന്നുണ്ട്. കശ്മീരികളായ കഥാപാത്രങ്ങള്‍ക്കായി കശ്മീരില്‍ നിന്നുള്ള അഭിനേതാക്കളെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മളും കൂടി അതിന്റെ ഭാഗമാണെന്ന് തോന്നിക്കാനുള്ള സത്യസന്ധമായ ശ്രമം സംവിധായകരുടെ ഭാഗത്ത് നിന്നുണ്ട്.
ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി ഒരുക്കിയ ചിച്ചോരെ എന്ന ചിത്രത്തില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു. ഒരു സൗത്ത് ഇന്ത്യന്‍ കഥാപാത്രമായിരുന്നു അത്. സീരീസിന്റെ തിരക്കുകള്‍ കാരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഭാവിയില്‍ സിനിമാ ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള മതില്‍ പൊളിയും എന്നാണ് കരുതുന്നത്. ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കും. പക്ഷേ ഇവിടം വിട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Neeraj Madhav talks about Family Man new web series Netflix ,Manoj Bajpayee