കാക്കനാട്: സൈബര്‍ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം 'കൊക്കൂണ്‍ -11' ന്റെ പ്രചാരണ പരിപാടിയില്‍ നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയ നസീമും അതിഥിയായെത്തി.
ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാരെ ഹര്‍ഷാരവത്തോടെയാണ് ടെക്കികള്‍ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ ഫഹദ് പിടികൂടി. നസ്രിയയെ ചേര്‍ത്തു നിര്‍ത്തിയാണ് പിന്നീട് അദ്ദേഹം സംസാരിച്ചത്.
'ഹൈടെക്കായ എല്ലാ മേഖലകളിലും തട്ടിപ്പ് വര്‍ധിച്ചു. ബാങ്കിങ് മേഖലയിലെ തട്ടിപ്പ് നിത്യസംഭവമായി. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണ്- ഫഹദ് പറഞ്ഞു.
എറണാകുളം റേഞ്ച് ഐ.ജി. വിജയ് സാഖറെ, സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ടി.സി.എസ്. വൈസ്. പ്രസിഡന്റ് ദിനേശ് തമ്പി എന്നിവര്‍ സംസാരിച്ചു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഒക്ടോബര്‍ അഞ്ചിനും ആറിനുമാണ് സെമിനാര്‍. സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും.
സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് സാങ്കേതിക മേഖലയിലുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും സ്വയം പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുക. സൈബര്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പതിനൊന്നാമത് കൊക്കൂണില്‍ വിദഗ്ദ്ധരടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും.
കേരള പോലീസ്, ജി-ടെക്, ഐ.ടി. മിഷന്‍, എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പോലീസിങ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.