നസ്രിയ എവിടെ? പലരും ചോദിക്കുന്ന ചോദ്യമാണിത്. അഭിനയം നിര്‍ത്തിയോ? അതോ ഫഹദ് വിടാത്തതാണോ. ഫഹദിനോട് തന്നെ പലരും ചോദിച്ചു. ഒടുവില്‍ ഉത്തരവുമായി ഫഹദ് തന്നെ രംഗത്തുവന്നിരിക്കുന്നു. ഞാന്‍ നസ്രിയയെ വീട്ടില്‍ പൂട്ടിയിട്ടിട്ടില്ല. നല്ലൊരു സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് നസ്രിയ. അത് സംഭവിച്ചാല്‍ തീര്‍ച്ചയായും സിനിമയിലെത്തും-യു.എ.ഇ. ക്ലബ് എഫ്.എമ്മിലെ കലക്കന്‍ റീച്ചാര്‍ജില്‍ സംസാരിക്കുകയായിരുന്നു ഫഹദ്. എന്നാല്‍, രണ്ടുപേരും ഒന്നിച്ച് അഭിനയിക്കില്ലെന്നും നസ്രിയ അഭിനയിച്ചാല്‍ താന്‍ വീട് നോക്കി ഇരിക്കുമെന്നും ഫഹദ് പറഞ്ഞു.
ഫഹദ് എന്ന നടന്‍
അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ഒരു കോടി ജനങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്കാണ് ഒരു നടനാവാന്‍ കഴിയുക. അഞ്ച് കോടിയില്‍ ഒരാള്‍ക്കാവും ഒരു സൂപ്പര്‍താരമാവാന്‍ കഴിയുക. മമ്മുക്കയെയും ലാലേട്ടനെയും പോലെ അപൂര്‍വം ചിലര്‍ക്ക് കിട്ടുന്ന ഭാഗ്യം.
ഫഹദ് നന്നായിട്ടും സിനിമകള്‍ പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട്.
തിയേറ്ററില്‍ കയറുമ്പോള്‍ ഫഹദ് എന്ന വ്യക്തിയെ മറക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അവര്‍ മഹേഷിനെയോ അയ്മനം സിദ്ധാര്‍ഥനെയോ ഡോ. അരുണ്‍ കുമാറിനെയോ മാത്രം കണ്ടാല്‍ മതി. ഫഹദ് എന്ന വ്യക്തിയെ അവിടെ കാണേണ്ട കാര്യമേയില്ല. ഒരു എഴുത്തുകാരന്റെ സാന്നിധ്യം അറിയാവുന്ന സിനിമകളാണ് ഞാന്‍ ചെയ്തതില്‍ ഏറെയും. എന്റെ ഓടിയ സിനിമകളുടെ എഴുത്തുകാരരെ കുറിച്ചും സംവിധായകരെക്കുറിച്ചും എഡിറ്ററെക്കുറിച്ചും സംഗീതസംവിധായകരെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യും. ഇവരുടെയെല്ലാം ഇന്‍വോള്‍മെന്റില്‍ മാത്രമേ എനിക്കൊരു നല്ല സിനിമ ഉണ്ടാക്കാന്‍ പറ്റുള്ളൂ. നായകന്‍ മാത്രം നന്നായാല്‍ ഒരു സിനിമ നന്നാവില്ല. അങ്ങിനെയെങ്കില്‍ ഞാന്‍ വര്‍ഷത്തില്‍ ഇരുപത്തിയഞ്ച് സിനിമകള്‍ ചെയ്യുമായിരുന്നു.
ഫഹദ് മടിയനായ ഒരു നടനോ അതോ കണക്കുകൂട്ടലുകള്‍ നടത്തുന്ന നടനോ?
ഞാന്‍ മടിയനായ ഒരു വ്യക്തിയാണ്. നടന്റെ കാര്യമല്ല. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ പതിനൊന്ന്, പന്ത്രണ്ട് മണിവരെ കിടന്നുറങ്ങുന്ന ആളാണ്. സമയത്ത് ഭക്ഷണം കഴിക്കാത്ത ആളാണ്. ഭാര്യ പിറകെ നടക്കണം ഞാന്‍ ഭക്ഷണം കഴിക്കണമെങ്കില്‍. കുളിക്കാന്‍ മടിയുള്ള ആളാണ്. അത്രയും മടിയനും ചിട്ടയില്ലാത്തവനുമാണ് ഞാന്‍.
നസ്രിയ
അമേസിങ് വൈഫ് ആണ് നസ്രിയ. എന്നെ പോലെ ഒരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ഒരാള്‍ എപ്പോഴും ചുറ്റും വേണം. വിവാഹത്തിന് മുന്‍പ് അത് ഉമ്മയായിരുന്നു.
ആരാണ് നസ്രിയയെ കെട്ടണം എന്നു തീരുമാനിച്ചത്.?
എനിക്ക് ഓര്‍മയുള്ള ഒരു കാര്യം. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സമയത്ത് ഞങ്ങള്‍ പരസ്പരം നോക്കാറുണ്ടായിരുന്നു. മറ്റുള്ളവരെ നോക്കിയ പോലെ ആയിരുന്നില്ല ഞാന്‍ നസ്രിയയെ നോക്കിയിരുന്നത്. ഉമ്മയ്ക്ക് നസ്രിയയെ ഒരുപാട് ഇഷ്ടമായിരുന്നു. ഒരുപാട് സംസാരിക്കുന്ന ആളാണ് നസ്രിയ. നസ്രിയക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഉമ്മയ്ക്ക് വലിയ താത്പര്യമായിരുന്നു. ഗൗരവത്തോടെ കാര്യങ്ങളെ കാണണമെന്നും ഉമ്മ പറഞ്ഞു.
കല്ല്യാണത്തെ അത്ര ഗൗരവത്തോടെ കാണുന്ന ഒരാളായിരുന്നില്ലല്ലോ ഫഹദ്.
അത് സത്യമാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ രണ്ടുപേരും മാത്രം ഒരു മുറിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ പെട്ടന്ന് നസ്രിയ ചോദിച്ചു. ഡോ തനിക്കെന്നെ കല്ല്യാണം കഴിക്കന്‍ പറ്റുമോ. ഞാന്‍ വാക്ക് തരാം ഇനിയുള്ള ജീവിതത്തില്‍ ഞാന്‍ നിന്നെ നോക്കിക്കോളാം. എന്നോട് ആദ്യമായാണ് ഒരാള്‍ ഇങ്ങിനെ ചോദിക്കുന്നത്. ഇത്രയും സത്യസന്ധതയുള്ള മറ്റൊരു സത്രീയെ ഞാന്‍ എന്റെ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടില്ല. ഒരാള്‍ മാത്രമേ അങ്ങിനെ ചോദിച്ചിട്ടുള്ളൂ. അയാളെ ഞാന്‍ കല്ല്യാണം കഴിക്കുകയും ചെയ്തു.
എത്ര പേരോട് ഫഹദ് ഇങ്ങിനെ തിരിച്ചു ചോദിച്ചിട്ടുണ്ട്?
എനിക്ക് എണ്ണം തെറ്റും. കല്ല്യാണത്തിന്റെ കാര്യമല്ല. സ്ത്രീകള്‍ എന്നെ എന്നും അതിശയിപ്പിച്ചിട്ടേയുള്ളൂ. ജീവിതത്തില്‍ പരിചയപ്പെട്ട ഒട്ടുമിക്ക സ്ത്രീകളുമായും ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. പക്ഷേ, നസ്രിയയുമായുള്ള പ്രണയം മറ്റെല്ലാറ്റില്‍ നിന്നും വ്യത്യസ്തമായിരുന്നു.
സിനിമയില്‍ ചുംബനത്തിന്റെ ഭാഷ മാറ്റിയ ആളാണ് ഫഹദ്. കിസ് ഓഫ് ലൗവിനെ കുറിച്ചുള്ള അഭിപ്രായം
ചുംബനം മനോഹരമായൊരു സംവേദന രീതിയാണത്. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്ക് നമ്മള്‍ കൊടുക്കുന്ന ഏറ്റവും സവിശേഷമായ സമ്മാനമാണത്. അത് ആഘോഷിക്കുക, അത് തെറ്റാവുക തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ പൂര്‍ണമായും എതിരാണ് ഞാന്‍. നെരൂദ പറഞ്ഞിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീയും ചുംബിക്കുമ്പോള്‍ അത് വിപ്ലവമാണ്. അത് ഒന്നിന്റെയും അവസാനമല്ല. ജീവിതം പിന്നെയും മുന്നോട്ടു കൊണ്ടുപോകേണ്ട ഒന്നാണ്. അവസാനിപ്പിക്കേണ്ട കാര്യമല്ല. ഇത് അനിയന്ത്രിതമായി പോകേണ്ട ഒരു കാര്യമല്ല. ഇത് തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യമാണ്. ഇത്രയും ബഹളം വയ്‌ക്കേണ്ട ഒരു കാര്യമല്ല.
നായകന്‍ നായികയെ ചുംബിച്ചാല്‍ ആളുകള്‍ തിയേറ്റര്‍ അടിച്ചുടയ്ക്കുന്ന ഒരു കാലം കേരളത്തില്‍ വരുമോ?
എനിക്ക് തോന്നുന്നില്ല. മലയാള പ്രേക്ഷകര്‍ അത്രയും പക്വതയില്ലാത്തവരാണെന്ന് എനിക്ക് തോന്നുന്നില്ല.
നസ്രിയ പുഞ്ചിരിക്കാന്‍ എന്തും ചെയ്യുമോ?
നസ്രിയക്കുവേണ്ടി ഞാന്‍ എന്റെ ജീവിതം തന്നെ മാറ്റിയിരിക്കുന്നു. 32 വയസ് വരെ തന്നിഷ്ടപ്രകാരം ജീവിച്ച ആളാണ് ഞാന്‍. അത്രയും സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ച എന്റെ ജീവിതത്തിലേയ്ക്ക് ഒരു ഇരുപത്തിയൊന്നു വയസുകാരി വന്നതോടെ എല്ലാം മാറി. അതൊക്കെ അവളുടെ പുഞ്ചിരിക്കുവേണ്ടിയാണ്. സത്യത്തില്‍ എന്റെ പുഞ്ചിരിക്കുവേണ്ടി നസ്രിയ വിട്ടുവീഴ്ചകള്‍ ചെയ്യുകയാണ്.
നസ്രിയ തിരിച്ചുവരാന്‍ ഫഹദ് ആഗ്രഹിക്കുന്നുണ്ടോ?
എല്ലാവരും എന്നോട് ചോദിക്കാറുണ്ട് നസ്രിയ ഇനി അഭിനയിക്കുമോ എന്ന്. ഞാന്‍ നസ്രിയയെ പൂട്ടിയിട്ടിരിക്കുകയൊന്നുമല്ല. അവള്‍ നല്ലൊരു ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അത് സംഭവിച്ചാല്‍ നസ്രിയ തീര്‍ച്ചയായും അഭിനയരംഗത്ത് മടങ്ങിയെത്തും.
ഒന്നിച്ച് അഭിനയിക്കുമോ?
അത് ആലോചിക്കേണ്ട ഒരു കാര്യമാണ്. ഞങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്ന ഒരു കാര്യമാണത്. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് മേക്കപ്പിട്ട് വാ നമുക്ക് അഭിനയിക്കാം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അവള്‍ അഭിനയിച്ചോട്ടെ. നസ്രിയ അഭിനയിക്കുമ്പോള്‍ ഞാന്‍ വീട്ടിലിരുന്നോളാം. വീട് നോക്കിക്കോളാം. അത് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണ്.