പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലാെരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാരെ ചൊല്ലിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. മോഹൻലാൽ കുഞ്ഞാലി മരയ്ക്കാറിന്റെ വേഷത്തിലുള്ള ചിത്രം പുറത്തിറങ്ങിയതിനെ തുടർന്നാണ് ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ പൊടിപൊടിക്കുന്നത്.
പടച്ചട്ടയണിഞ്ഞ് ദുരദര്‍ശനിയിലൂടെ നോക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് അവയില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ഇതിന്റെ ചരിത്രപരമായ വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുകയാണ് ടി.എം ജേക്കബ് മെമ്മോറിയല്‍ ഗവര്‍ണ്‍മെന്റ് കോളേജിലെ മുന്‍ പ്രിന്‍സിപ്പൽ എന്‍ ഷാജി.
പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലി മരയ്ക്കാർ പതിനേഴാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെലിസ്കോപ്പിലൂടെ നോക്കുന്നതിലെ ചരിത്രപരമായ അബദ്ധമാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
പോസ്റ്റ് വായിക്കാം
"കുഞ്ഞാലി മരക്കാര്‍ ഒരു ദൂരദര്‍ശിനിയിലൂടെ നോക്കുന്ന ചിത്രം ചിലര്‍ ഷെയര്‍ ചെയ്തു കണ്ടു. ഇതു ചരിത്രത്തോട് നീതി പുലര്‍ത്തുന്നതാകണമെങ്കില്‍ ശാസ്ത്ര ചരിത്രം തന്നെ തിരുത്തിയെഴുതണം. എന്റെ ധാരണയനുസരിച്ച് ഈ കഥ നടക്കുന്നത്. 16-ാം നൂറ്റാണ്ടിലാണ്. പക്ഷേ ആദ്യ ടെലിസ്‌കോപ്പുകള്‍ ഉണ്ടാകുന്നത് 17-ാം നൂറ്റാണ്ടിലാണ്. ഗലീലിയോ ഗലീലിയുടെ നിരീക്ഷണങ്ങള്‍ ആരംഭിക്കുന്നത് 1609 ലാണ്. മറ്റു ചിലര്‍ ഒരു ദുരദര്‍ശിനി ഉണ്ടാക്കിയെന്നറിഞ്ഞ്, അതിന്റെ തത്വങ്ങള്‍ മനസ്സിലാക്കി, മെച്ചപ്പെട്ടവ ഉണ്ടാക്കി അവ വാനനിരീക്ഷണത്തിനു വേണ്ടി സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് ഗലീലിയോ ചെയ്തത്. അതിനു മുമ്പേ 1608-ല്‍ ഹാന്‍സ് ലിപ്പര്‍ഷേ എന്ന ജര്‍മന്‍ - ഡച്ചു കണ്ണട നിര്‍മാതാവ് ടെലിസ്‌കോച്ചിന്റെ ആദ്യ പേറ്റന്റിനു ശ്രമിച്ചിരുന്നു. മറ്റു ചിലരും അതു കണ്ടെത്തിയതായി വാദമുന്നയിച്ചതിനാല്‍ പേറ്റന്റ് ലഭിച്ചില്ല. ഡച്ചുകാരനായ സക്കറിയാസ് ജാന്‍സെന്നും ഇതു കണ്ടെത്തിയതായി അവകാശവാദമുണ്ടായിരുന്നു. ഇതെല്ലാം സംഭവിക്കുന്നത് 17-ാം നൂറ്റാണ്ടിലാണ്. പിന്നീടാണ് നമ്മുടെ രാജാവ് ജയ്‌സിംഗ് ജന്തര്‍ മന്ദര്‍ ഒക്കെ സ്ഥാപിക്കുന്നത്. പക്ഷേ, ഒരു ടെലിസ്‌കോപ്പ് വാങ്ങാനൊന്നും മൂപ്പര്‍ക്ക് തോന്നിയില്ല.
ഇന്ത്യയില്‍ ആദ്യം ടെലിസ്‌കോപ്പ് ഉപയോഗിച്ചത് 1651-ലെ ബുധസംതരണം നിരീക്ഷിക്കാനായി സൂറത്തില്‍ എത്തിയ ഇംഗ്ലീഷുകാരനായ ഷാക്കര്‍ലി ആണെന്നായിരുന്നു ഇതുവരെ എന്റെ അറിവ്.
എന്നാല്‍ ഇതിനു മുമ്പേ നമ്മുടെ കുഞ്ഞാലി മരക്കാര്‍ അതുപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു വലിയ ചരിത്രസംഭവം തന്നെ, സംശയമില്ല.".
Content Highlights: Facebook post about kunjali maraykkar movie, mohanlal ,kunjali marikkar look ,priyadarshan