ഇതിഹാസ കഥയിലെ രാജ്ഞിയാണ് എസ്തര്‍. എന്നാല്‍ മലയാളികള്‍ക്ക് എസ്തര്‍ നക്ഷത്രക്കണ്ണുള്ള ഓമനമുഖമുള്ള കളിക്കുട്ടിയാണ്. നല്ലവന്‍ എന്ന സിനിമയിലൂടെ ബാലതാരമായാണ് എസ്തര്‍ അനില്‍ സിനിമയിലെത്തുന്നത്. കോക്ക്‌ടൈല്‍, ദൃശ്യം എന്നീ സിനിമകളിലും എസ്തര്‍ തിളങ്ങി. ടെറ്റില്‍ റോളിലെത്തിയ ജെമിനി എന്ന ചിത്രത്തോടെ ബാലതാരം എന്ന ഇമേജിന് വിടപറയുകയാണ് എസ്തര്‍. പറഞ്ഞുവന്നത് മറ്റൊന്നുമല്ല, ഇനി ഷാജി എന്‍. കരുണിന്റെ പ്ലേറ്റോണിക് പ്രണയകഥയിലെ നായിക, 'ഓള്'.
മാർച്ച് ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ ആമി ആശ്വതിക്ക് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ച് എസ്തര്‍ പറയുന്നതിങ്ങനെ, ഇത് ഒരു പതിനഞ്ച് വയസ്സുകാരിയുടെ കഥയാണ്. ഷെയ്ന്‍ നിഗം ആണ് നായകന്‍. അവര്‍ തമ്മില്‍ റൊമാന്‍സോ ഫ്രണ്ടഷിപ്പോ അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. തമിഴില്‍ കുഴലി എന്ന ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നു. കാക്കമുട്ടൈ എന്ന ചിത്രത്തില്‍ പെരിയ കാക്കമുട്ടയുമായി വന്ന വിഘ്‌നേഷ് ആണ് നായകന്‍. അത് പ്ലസ്ടുവിന് പഠിക്കുന്ന രണ്ട് കുട്ടികളുടെ പ്രണയകഥയാണ്.
സിനിമയില്‍ പ്രണയം ഉണ്ടെങ്കിലും ജീവിതത്തില്‍ പ്രണയിക്കാന്‍ തല്‍ക്കാലം എസ്തറിന് താല്‍പര്യമില്ല.
'എന്റെ അമ്മയും അപ്പനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇപ്പോഴും അവരുടെ പ്രണയം സ്‌ട്രോങ് ആണ്. ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ്. അമ്മ പറയും എടീ. ഈ പ്രണയമാണ് ലോകത്തെ നിലനിര്‍ത്തുന്നത്. എന്തിനോടെങ്കിലുമുള്ള പ്രേമം എന്നൊക്കെ പറഞ്ഞുവരും. അപ്പോള്‍ ഞാന്‍ പറയും അതൊക്കെ ഉണ്ടായിരുന്നിരിക്കാം. ഇപ്പോഴുള്ള പിള്ളേര്‍ക്ക് അതൊന്നും ഇല്ല എന്ന്. പ്രണയ പരാജയം കൊണ്ടൊന്നുമല്ല, ചുറ്റുമുള്ള കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറയുന്നത്. അതല്ല, അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കില്‍ ഞാനിപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരാളെ കണ്ടുമുട്ടും എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്- എസ്തര്‍ പറയുന്നു.'
Content Highlights: Esther Anil interview esther new movie with shane nigam