അല്ലു അര്‍ജുന്‍ നായകനാവുന്ന ദുവ്വാഡ ജഗന്നാഥം എന്ന ചിത്രം വിവാദമാകുന്നു. ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയത് മുതലാണ് പ്രതിഷേധങ്ങള്‍ തലപൊക്കുന്നത്. ഗുഡിലോ ബഡിലോ മഡിലോ വൊടിലോ എന്ന ഗാനം ബ്രാഹ്മണ സമുദായത്തിന്റെ മോശമായി ചിത്രീകരിക്കുന്നുവെന്നും വിശ്വാസങ്ങളെ മുറിപ്പെടുത്തുന്നുവെന്നുമാണ് ആരോപണം. ശ്രീ ദേവി പ്രസാദ് സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും എംഎല്‍ആര്‍ കാര്‍ത്തികേയനും ചേര്‍ന്നാണ്.
സിനിമാക്കാര്‍ ബ്രാഹ്മണ സമുദായത്തെ വളരെ മോശമായിട്ടാണ് ചിത്രീകരിക്കുന്നത്. ഭഗവാന്‍ ശിവന്റെ പ്രശസ്തമായ നമകം ചമകം എന്ന സ്‌തോത്രം ദ്വയാര്‍ത്ഥത്തിലാണ് ഇവര്‍ പ്രയോഗിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു- ഓള്‍ ഇന്ത്യ ബ്രാഹ്മിണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീനിവാസ്തവ റാവു പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്ന് സംവിധായകന്‍ ഹരീഷ് ശങ്കര്‍ പറഞ്ഞു. ഞാനും ബ്രാഹ്മണ സമുദായത്തില്‍ നിന്നാണ്. എന്റെ അച്ഛന്‍ ഗായത്രി മന്ത്രം ചൊല്ലിയാണ് ദിവസം തുടങ്ങുന്നത്. ദുവ്വാഡ ജഗന്നാഥത്തില്‍ നായകനും ഒരു ബ്രാഹ്മണനാണ്. പിന്നെ എന്തിനാണ് ഞാന്‍ അങ്ങിനെ ചെയ്യുന്നത്. ആരെയും അപമാനിച്ചിട്ടില്ല. ആരുടെയും വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചിട്ടുമില്ല- ഹരീഷ് ശങ്കര്‍ പറഞ്ഞു.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ദുവ്വാഡ ജഗന്നാഥം നിര്‍മിക്കുന്നത്. മോഹന്‍ ജൊദാരോ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പൂജ ഹെഡ്ജ് ആണ് ചിത്രത്തിലെ നായിക.