ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ പൂജാ കര്‍മ്മങ്ങള്‍ പാലക്കാട്ട് വച്ച് നടന്നു. ചിത്രീകരണവും ആരംഭിച്ചു.
കേരളത്തെയാകെ വിറപ്പിച്ച ചാക്കോ വധക്കേസിലെ പ്രധാന പ്രതി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സുകുമാരക്കുറുപ്പായെത്തുന്നത് ദുല്‍ഖറാണ്.
വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിമിഷ് രവിയാണ് ഛായാഗ്രഹകനാകുന്നത്. ലൂക്കയുടെ ക്യാമറ കൈകാര്യം ചെയ്തത് നിമിഷ് ആയിരുന്നു. സുഷിന്‍ ശ്യാമാണ് സംഗീതം നിര്‍വഹിക്കുന്നത്. കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലനാണ് കലാ സംവിധാനം.
1984ലാണ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വേണ്ടി ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് മുങ്ങിയത്. മാവേലിക്കരയില്‍ ദേശീയപാതയില്‍ വച്ചായിരുന്നു സംഭവം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ട് എന്നതായിരുന്നു ചാക്കോയെ കൊലപാതകത്തിന് തിരഞ്ഞെടുക്കാന്‍ കാരണം. ഭാര്യാസഹോദരന്‍ ഭാസ്‌ക്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍ എന്നിവര്‍ക്കൊപ്പമാണ്, ഗള്‍ഫിലെ ഒരു എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സുകുമാരക്കുറുപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു തിയേറ്ററില്‍ വച്ച് കണ്ട ചാക്കോയെ കാറില്‍ കയറ്റി ശീതളപാനിയത്തില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കിയശേഷം മുഖം തീയിട്ട് വികൃതമാക്കുകയും പിന്നീട് ദേശീയപാതയില്‍ കൊണ്ടുപോയി ഡ്രൈവര്‍ സീറ്റിലിരുത്തി കാര്‍ കത്തിക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം കുറുപ്പിനുവേണ്ടി പോലീസ് രാജ്യമെങ്ങും വലവിരിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വന്തം മകന്റെ വിവാഹത്തിനുപോലും കുറുപ്പ് എത്തിയിരുന്നില്ല.
സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാമത്തെ സിനിമയാണ് കുറുപ്പ്, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രവും.
Content Highlights : Dulquer Salman's Kurup malayalam movie shooting started