ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ റിലീസിന് ഒരുങ്ങുകയാണ്. മകന്റെ സിനിമയുടെ പ്രമോഷന് മമ്മൂട്ടി മുന്നിലുണ്ടാകും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത ട്രെഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.
നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ കര്‍വാന്‍ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നു. എന്നായിരുന്നു ട്വീറ്റ്.
എന്നാല്‍ പ്രചരണങ്ങള്‍ സത്യമല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍. തരണിന്റെ ട്വീറ്റിന് മറുപടി നല്‍കിയാണ് ദുല്‍ഖര്‍ അഭ്യൂഹങ്ങളെ തള്ളിയത്.
തികച്ചും തെറ്റായ വാര്‍ത്ത സാര്‍, എന്റെ അച്ഛന്‍ എന്നെയോ എന്റെ സിനിമയെയോ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും വരില്ല. ആരോ പടച്ചുവിട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്- ദുല്‍ഖര്‍ കുറിച്ചു.
ദുല്‍ഖറിന്റെ ട്വീറ്റ് കണ്ട് തരണ്‍ തന്റെ തെറ്റു തിരുത്തി. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. ഇത് റോണി സ്‌ക്രൂവാലയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെറ്റു തിരുത്തിയതില്‍ നന്ദി- തരണ്‍ ട്വീറ്റ് ചെയ്തു.
മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് കര്‍വാന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാല ആണ് നിര്‍മാണം. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ആഗസ്റ്റ് മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: dulquer salmaan Karwan movie promotion mammootty Irrfan Khan Mithila Palkar