34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന കുറുപ്പിലേക്ക് അഭിനേതാക്കളെ തേടുന്നു. 'ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. എണ്‍പതുകളിലെ ഗ്രാമാന്തരീക്ഷമാണ് പുനഃസൃഷ്ടിക്കുന്നത്..
"ഈ ഗ്രാമത്തിലെ കഥാപാത്രങ്ങളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9:30 മുതല്‍ 4:30 വരെ പാലക്കാട് ജോബീസ് മാളിലെ ഗോള്‍ഡന്‍ ഹാളില്‍ വച്ച് നടക്കുന്ന ഒഡിഷനില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല...പാലക്കാട്ടും പരിസരത്തുമുള്ളവര്‍ക്ക് മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണനയുണ്ട്.. നമ്പര്‍: 9847522377'ചിത്രത്തിന്റെ കാസ്റ്റിംഗ് കോളില്‍ പറയുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയതും ശ്രീനാഥ് രാജേന്ദ്രനാണ്. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.
സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതില്‍ ശ്രദ്ധേയം. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.
1984ലാണ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വേണ്ടി ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് മുങ്ങിയത്. മാവേലിക്കരയില്‍ ദേശീയപാതയില്‍ വച്ചായിരുന്നു സംഭവം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ട് എന്നതായിരുന്നു ചാക്കോയെ കൊലപാതകത്തിന് തിരഞ്ഞെടുക്കാന്‍ കാരണം. ഭാര്യാസഹോദരന്‍ ഭാസ്‌ക്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍ എന്നിവര്‍ക്കൊപ്പമാണ്, ഗള്‍ഫിലെ ഒരു എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സുകുമാരക്കുറുപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു തിയേറ്ററില്‍ വച്ച് കണ്ട ചാക്കോയെ കാറില്‍ കയറ്റി ശീതളപാനിയത്തില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കിയശേഷം മുഖം തീയിട്ട് വികൃതമാക്കുകയും പിന്നീട് ദേശീയപാതയില്‍ കൊണ്ടുപോയി ഡ്രൈവര്‍ സീറ്റിലിരുത്തി കാര്‍ കത്തിക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം കുറുപ്പിനുവേണ്ടി പോലീസ് രാജ്യമെങ്ങും വലവിരിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വന്തം മകന്റെ വിവാഹത്തിനുപോലും കുറുപ്പ് എത്തിയിരുന്നില്ല.
Content highlights : Dulquer salmaan as sukumara kurup in kurup Movie Casting Call Audition Sreenath Rajendran