ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇത് വരെ പേരിട്ടിട്ടില്ലാത്ത സിനിമ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. അനൂപ് തന്നെ തിരക്കഥയെഴുതുന്ന ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായിരിക്കും ഇതെന്നും ചെന്നൈയില്‍ നടക്കുന്ന കഥയായിരിക്കുമെന്നുമാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. ലാല്‍ ജോസിന്റെ അഞ്ച് ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് വളരെ കാലമായി സിനിമയിലുണ്ട്.
ചിത്രീകരണം പൂര്‍ത്തിയായ വിവരം ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പേരിന്റെ കാര്യത്തില്‍ ഇത് വരെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. താരസമ്പന്നമായ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായ് ആരാധകര്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന
Content Highlights: dulqer salman production anoop sathyan debut directorial movie shooting completed