ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയ കാര്‍ട്ടൂണായ ഡോറ ദ എക്‌സ്‌പ്ലോറര്‍ സിനിമയാവുന്നു. ട്രാന്‍സ്‌ഫോമേഴ്‌സ് ദ ലാസ്റ്റ് നൈറ്റിലൂടെ ശ്രദ്ധനേടിയ ഇസബെല്ല മോണറാണ് ഡോറയായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ജെയിംസ് ബോബിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി.
നിക്കലോഡിയോണ്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിലെ പ്രശസ്തമായ ഒരു കാര്‍ട്ടൂണ്‍ പരമ്പരയാണ് ഡോറ ദി എക്‌സ്‌പ്ലോറര്‍. ക്രിസ് ഗിഫോര്‍ഡ്, വലേരി വാല്‍ഷ്, എറിക് വെയ്‌നര്‍ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കള്‍. 2000 മുതല്‍ക്കാണ് കുട്ടികള്‍ക്കായുള്ള ഈ പരമ്പര പതിവായി നിക്ക് ജൂനിയര്‍ പോലെയുള്ള ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രദേശിക ഭാഷകളിലും ഡോറ കാര്‍ട്ടൂണ്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തില്‍ ഡോറയുടെ പ്രയാണം എന്നാണ് പേര്.
ഡോറ മാര്‍ക്വെസ് എന്ന എട്ട് വയസ്സുകാരിയാണ് പ്രധാന കഥാപാത്രം. ലാറ്റിനമേരിക്കന്‍ വംശജയാണ് ഡോറ. ഓരോ കഥയിലും ഡോറ ഓരോ ദൗത്യവുമായി യാത്ര തിരിക്കുന്നു. കൂട്ടിന് മിക്കപ്പോഴും ഡോറയുടെ പ്രിയസുഹൃത്തായ ബൂട്ട്‌സ് (മലയാളത്തില്‍ ബുജി) എന്ന കുരങ്ങനും ഉണ്ടാകും. തന്റെ ബാക്ക്പാക്കിലെ ഭൂപടം, മറ്റുപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെ, പ്രേക്ഷകരായ കുട്ടികള്‍ക്കും സംവദിക്കാന്‍ അവസരം നല്‍കി ഡോറ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നു.
പ്രധാന ഭാഷ ഇംഗ്ലീഷ് ആണെങ്കിലും, സ്പാനിഷും ഉപയോഗിക്കപ്പെടുന്നുണ്ട്. രണ്ടു ഭാഷ പരിചയപ്പെടുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കും എന്ന കണ്ടെത്തലാണ് ഇതിനു കാരണം.
Share this Article
Related Topics