തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തന്നെ വിസ്മയിപ്പിച്ചുവെന്ന് സംവിധായകന്‍ ശങ്കര്‍. റസൂല്‍ പൂക്കുട്ടി അഭിനയിക്കുന്ന ഒരു കഥൈ സൊല്ലട്ടുമ എന്ന സിനിമയുടെ ചടങ്ങിലായിരുന്നു ശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
'റസൂല്‍ പൂക്കുട്ടിയാണ് തൃശൂര്‍ പൂരത്തെക്കുറിച്ച് പറയുന്നത്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നടുവില്‍ നിന്ന് നൂറുകണക്കിന് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടക്കുന്ന അതിശയകരമായ ഒരു ആഘോഷം. തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് ഞാന്‍ നേരത്തേ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ ഏതെങ്കിലും സിനിമയില്‍ അത് ഉള്‍പ്പെടുത്തുമായിരുന്നു.
അന്യന്‍ സിനിമയില്‍ തിരുവൈയാറിലെ ത്യാഗരാജ ഉത്സവം കാണിക്കുന്നുണ്ട്. ചിത്രീകരണത്തിന് മുന്‍പ് ഞാന്‍ ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ തിരുവൈയാറില്‍ പോയി. പക്ഷേ സിനിമയ്ക്ക് വേണ്ടി ലൈവായി ചിത്രീകരിക്കാന്‍ എനിക്ക് അനുവാദം കിട്ടിയില്ല. പക്ഷേ റസൂല്‍ പൂക്കുട്ടി അതും സാധിച്ചെടുത്തു. ഒരു സിനിമയ്ക്ക് വേണ്ടി ലൈവായി തൃശ്ശൂര്‍ പൂരം ഷൂട്ട് ചെയ്തിരിക്കുന്നു. നന്നായി റെക്കോഡ് ചെയ്തിരിക്കുന്നു.'
ഡോക്യുമെന്ററി ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ചിത്രത്തില്‍ ഒരു സൗണ്ട് എഞ്ചിനീയറായാണ് റസൂല്‍ പൂക്കുട്ടി എത്തുന്നത്. തൃശ്ശൂര്‍ പൂരം ചിത്രീകരിക്കുന്ന രംഗം സിനിമയിലുണ്ട്. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിനിടെ നൂറുകണക്കിന് കലാകാരന്‍മാര്‍ സിനിമയുടെ ചിത്രീകരണത്തിനായി ഒരുമിച്ചിരുന്നു.
പ്രസാദ് പ്രഭാകറാണ് ഒരു കഥൈ സൊല്ലട്ടുമ സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
Content Highlights: Director Shankar Speech, Resul Pookutty, Thrissur Pooram, Oru Kadha Sollatuma