തിരുവനന്തപുരം: മാമാങ്കത്തിന്റെ നിർമാതാവ് വേണു കുന്നപ്പള്ളി വഞ്ചിച്ചെന്നും അദ്ദേഹം പച്ചക്കള്ളമാണ് പറയുന്നതെന്നും സംവിധായകൻ സജീവ് പിള്ള. മലയാളസിനിമയിൽ രണ്ടുപതിറ്റാണ്ടത്തെ പ്രവർത്തനപരിചയവുമായാണ് മാമാങ്കം ഒരുക്കാനെത്തിയത്. അടൂർ ഗോപാലകൃഷ്ണനൊപ്പം ഏറെക്കാലം പ്രവർത്തിച്ചു. ‘നിഴൽക്കുത്തി’ൽ മുഖ്യ സംവിധാനസഹായിയായും പ്രവർത്തിച്ചു. എന്നാൽ, ‘മാമാങ്കം’ സിനിമയുടെ കാര്യത്തിൽ തന്നെ നിർമാതാവ് ഒറ്റപ്പെടുത്തി ചതിച്ചു -അദ്ദേഹം പറഞ്ഞു.
സിനിമയുടെ 40 ശതമാനം പൂർത്തിയായി. പൂർണമാക്കാൻ ഇനി മൂന്ന് ഷെഡ്യൂൾകൂടി വേണം. അപ്പോഴാണ് സിനിമയുടെ കഥാഗതിയിലും കഥാപാത്രത്തിലും പശ്ചാത്തലത്തിലും മാറ്റംവേണമെന്ന് നിർമാതാവ് ആവശ്യപ്പെട്ടത്. തിരക്കഥയുടെ ആത്മാവ് നഷ്ടപ്പെടുംവിധം പൂർണമായും മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിന് വഴങ്ങാതെവന്നപ്പോൾ ആന്ധ്രയിലെ സംവിധായകനുമായി ചേർന്ന് തിരക്കഥ തിരുത്തി. ക്യാമറാമാൻ ഉൾപ്പെടെ സാങ്കേതികവിദഗ്ധരെയെല്ലാം മാറ്റി.
സിനിമ തുടങ്ങിയപ്പോൾ മമ്മൂട്ടി വലിയ ഊർജം നൽകിയിരുന്നു. അദ്ദേഹം നിർമാതാവിനെ വിളിച്ച് സമവായചർച്ച നടത്തി. അതൊന്നും നിർമാതാവ് അംഗീകരിച്ചില്ല.ഫെഫ്കയുടെ നേതൃത്വം ഇടപെട്ടെങ്കിലും അവർ നിർമാതാവിനെ സഹായിക്കുകയാണ് ചെയ്തത്. ഫെഫ്ക തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നില്ല. മിനിമം തൊഴിൽമര്യാദ ഫെഫ്ക പാലിച്ചില്ല. സംവിധായകനെ മാറ്റാനുള്ള അവകാശം നിർമാതാവിനുണ്ടെന്നാണ് അവർ വാദിക്കുന്നത്.
മാമാങ്കത്തിന്റെ മാറ്റിയ തിരക്കഥ കണ്ടിട്ടില്ല. പ്രതിഫലമായി നിർമാതാവ് 13 ലക്ഷം രൂപ ബാങ്കുവഴി തന്നു. കരാർ പ്രകാരം 23 ലക്ഷമാണ് നൽകേണ്ടത്. പരാതി നൽകാൻ ആലോചിക്കുകയാണ്. അതേസമയം, 13 കോടി നഷ്ടപരിഹാരം 15 ദിവസത്തിനകം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് തനിക്ക് നോട്ടീസ് അയച്ചെന്നും സജീവ് പിള്ള പറഞ്ഞു.
Content Highlights: director sajeev pillai on mamangam controversy mammootty mamakam venu kunnapilly producer