ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്ന വിഷയത്തില്‍ പ്രതികരണവുമായി സംവിധായകനും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ രാജസേനന്‍. ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് വലിയ തട്ടിപ്പാണെന്നും വിശ്വാസികള്‍ അത് അനുവദിക്കരുതെന്നും രാജസേനന്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
രാജസേനന്റെ വാക്കുകള്‍
'ഗുരൂവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത കുറച്ചു നാളുകളായി വലിയ ചര്‍ച്ചയാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലല്ലാത്ത നിരവധി അമ്പലങ്ങള്‍ കേരളത്തിലുണ്ട്. ഇവ ഏറ്റെടുത്ത് പുതിയ തസ്തികകള്‍ ഉണ്ടാക്കി അതിന്റെ പേരില്‍ കോഴ വാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. അല്ലാതെ ഭക്തജനങ്ങളെ സഹായിക്കാനല്ല.
അതുകൊണ്ട് ക്ഷേത്ര വിശ്വാസികളോടാണ് എനിക്ക് അപേക്ഷയുള്ളത്. ഹിന്ദുക്കളോട് എന്ന് പറയാന്‍ പറ്റില്ല. കാരണം ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ അമ്പലത്തില്‍ പോയാല്‍ അത് വലിയ കുറ്റമായി കാണുന്ന ചില പാര്‍ട്ടികളുണ്ട്. പാര്‍ട്ടിയുടെ പേരൊന്നും പറയുന്നില്ല. അമ്പലങ്ങളിലും ഈശ്വരനിലും വിശ്വസിക്കുന്നവര്‍ ഒരു അമ്പലത്തിലും ഭീമന്‍ സംഭാവനകള്‍ നല്‍കരുത്. പ്രത്യേകിച്ച് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ക്ക്. കാരണം ഈ പണം കൊള്ളയടിക്കപ്പെടുകയാണ്. നമ്മുടെ വിശ്വാസത്തിന് അനുസരിച്ച് ചെറിയ അര്‍ച്ചനകളും വഴപാടുകളും ചെയ്യുക. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രവും ദേവസ്വം ബോര്‍ഡിന് വിട്ട് നല്‍കരുത്'- രാജസേനന്‍ പറഞ്ഞു.
Share this Article
Related Topics