കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് പള്‍സര്‍ സുനിക്ക് നല്‍കിയ ക്വട്ടേഷന്‍. ദിലീപിന്റെ കുടുംബ വിഷയവുമായി ബന്ധപ്പെട്ടാണ് സിനിമാ താരങ്ങളുടെ ഡ്രൈവറായ പള്‍സര്‍ സുനിക്ക് താരം ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് സൂചന. ക്വട്ടേഷന്‍ റിയല്‍ എസ്റ്റേറ്റ് വിഷയത്തിലല്ലെന്നും ദിലീപിന്റെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നും പോലീസ് വ്യക്തമാക്കി. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പള്‍സറുമായി ദിലീപിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. പള്‍സറിനെ അറിയില്ലെന്ന ദിലീപിന്റെ വാദം സമർഥമായാണ് പോലീസ് പൊളിച്ചത്. നേരത്തെ രണ്ടു തവണ നടിയെ ആക്രമിക്കാന്‍ ദിലീപ് പൾസറുമായി ചേർന്ന് ഗൂഢാലോചന നടത്തിയിരുന്നു.
ദിലീപിനെ പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും ആ റിപ്പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു. അതേസമയം സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഇന്ന് ദിലീപിനെ തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കില്ല.
വൈകുന്നരം 6.30നാണ് ദിലീപിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്. രാവിലെ മുതല്‍ ദിലീപ് പോലീസ് കസ്റ്റഡിയിലായിരുന്നു. രഹസ്യകേന്ദ്രത്തില്‍ വെച്ച് ഏറെ നേരം നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ എത്തിച്ചത്. അതേസമയം ദിലീപിന്റെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം വ്യക്തമാക്കി.
ഇതിന് മുമ്പും ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തിയിരുന്നു. അന്ന് 12 മണിക്കൂറില്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പോലീസ് ദിലീപിനെ വിട്ടയക്കുകയായിരുന്നു