കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മൊബൈല്‍ ടവറിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ദിലീപിന്റെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചതായാണ് അറിയുന്നത്. നടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസം മുന്‍പ് ദിലീപും കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയും ഒരോ മൊബൈല്‍ ഫോണ്‍ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കിയേക്കാവുന്ന ഒരു വിവരമാണിത്. കേസുമായി ദിലീപിനെ ബന്ധപ്പെടുത്താന്‍ തക്കതായ തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിരുന്നില്ല. ജയിലില്‍ നിന്ന് സുനി എഴുതിയ കത്തും സുനി ദിലീപിന്റെ പി.എ. അപ്പുണ്ണിയുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തായതിനെ തുടര്‍ന്ന് ദിലീപിനു നേരെയും ആരോപണത്തിന്റെ കുന്തമുന നീണ്ടിരുന്നു. ഇതു സംബന്ധിച്ച് ചാനലില്‍ വിശദീകരിക്കുമ്പോഴാണ് ദിലീപ് നടിയുടെ പേരും നടിയും പള്‍സറും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ കാര്യവും പറഞ്ഞത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കാവുന്ന വിവരം മൊബൈല്‍ ടവറില്‍ നിന്ന് ലഭിച്ചത്.
സുനിക്ക് പുറമെ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് റൂറല്‍ എസ്.പി. എ.വി.ജോര്‍ജ് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് ഈ ചോദ്യംചെയ്യല്‍ എന്ന് അന്വേഷണോദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതിനിടെയാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് വിവരം പോലീസിന് ലഭിക്കുന്നത്. ഇക്കാര്യവും പുതിയ ചോദ്യംചെയ്യലില്‍ ഉള്‍പ്പെട്ടേക്കും.
Share this Article
Related Topics