കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരവ്. പള്‍സര്‍ സുനി ദിലീപ് നായകായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെത്തിയത് ഡ്രൈവറായിട്ടാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പള്‍സര്‍ സെറ്റില്‍ നില്‍ക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പകരക്കാരന്‍ ഡ്രൈവറായി സുനി രണ്ട് ദിവസം സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനെ തുടര്‍ന്ന് സുനിയെ സെറ്റിലെത്തിച്ച ലൊക്കേഷന്റെ ചുമതലയുണ്ടായിരുന്ന മുരുകന്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്തു. അതേസമയം പള്‍സര്‍ സുനി സെറ്റിലുണ്ടായിരുന്ന കാര്യം തനിക്ക് അറിയില്ലെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപു എസ്. കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പോലീസ് തന്നെയാണ് സുനി സെറ്റില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണം നടന്ന തൃശൂരിലെ ഒരു ക്ലബില്‍ നിന്നെടുത്ത ചിത്രമായിരുന്നു ഇത്.
പള്‍സറിന് തന്റെ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സംവിധായകന്‍ ബിജു കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ഇതിന് നേര്‍ വിപരീതമാണ് ഇപ്പോള്‍ പോലീസിന് ലഭിച്ച വിവരം. സംവിധായകന്റെ വിശദീകരണത്തോടെ പള്‍സര്‍ സെറ്റില്‍ വന്നത് ദിലീപിനെ കാണാനാണ് എന്ന സംശയം ബലപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പള്‍സര്‍ ഡ്രൈവറായാണ് സെറ്റിലെത്തിയത് എന്ന വിവരം പോലീസിന് ലഭിച്ചത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പള്‍സറും ദിലീപും ഒരേ ടവറിന്റെ കീഴില്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് തൃശൂരിലെ ക്ലബിലെത്തിയത്.
പള്‍സറുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് ദിലീപ്. എന്നാല്‍, ഇതിനെയെല്ലാണ് ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകള്‍.