തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് തിരിച്ചറിഞ്ഞു. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം. ബാഹ്യ ഇടപെടലുകള്‍ അസാധ്യമാക്കി കേസില്‍നിന്ന് പിന്നാക്കം പോകാനാവാത്തവിധം അന്വേഷണസംഘത്തെ ബെഹ്‌റ തളച്ചു. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലില്‍ നാദിര്‍ഷായുടെ നിസ്സഹകരണമാണ് സംഭവത്തില്‍ ഉന്നത സിനിമാപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചത്. ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിനു നേതൃത്വം നല്‍കിയ ൈക്രംബ്രാഞ്ച് എസ്.പി. സുദര്‍ശന്‍, ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ദീര്‍ഘനേരം നാദിര്‍ഷാ മൗനമായി ഇരുന്നതായാണ് വിവരം. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യത്തിലാണ് നാദിര്‍ഷാ സഹകരിക്കാതിരുന്നത്.
രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അവശ്യമെങ്കില്‍ സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് നേതൃത്വം നല്‍കും. കേസിലെ പ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ നേരിട്ടു സംസാരിച്ചതിനു തെളിവില്ലെങ്കിലും ഇടനിലയില്‍ മറ്റുരണ്ടുപേര്‍നിന്ന് വിവരങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ടോ എന്ന് ബലമായ സംശയം പോലീസിനുണ്ട്. പോലീസിനെ കബളിപ്പിക്കാന്‍ 'സാന്‍വിച്ച് കോളിങ്' വിദ്യ പ്രയോഗിക്കപ്പെട്ടു എന്നാണ് സംശയം.ഇതിനിടെ, പള്‍സര്‍ സുനിക്ക് ജയിലിലെ പോലീസുകാരന്‍ വഴി ഫോണ്‍ കൈമാറുകയായിരുന്നുവെന്നും സുനിയുടെ ഫോണ്‍വിളികള്‍ നിരീക്ഷിക്കാന്‍ പോലീസ് മനപ്പൂര്‍വമൊരുക്കിയ കെണിയായിരുന്നു ഇതെന്നും പറയുന്നു. ഫോണ്‍ ലഭിച്ചതിനുശേഷമാണ് പള്‍സര്‍ സുനിയുടെ ആദ്യമൊഴിയില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചുതുടങ്ങിയത്.