കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് പോലീസ്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. എന്നില്‍, ആരെയും അറസ്റ്റ് ചെയ്യാനുള്ള സഹാചര്യമോ തെളിവുകളോ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്-ആലുവ റൂറല്‍ എസ്.പി. അറിയിച്ചു.
അതിനിടെ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇതിനുവേണ്ടി നൂറിലേറെ പേജുകള്‍ വരുന്ന പുതിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇന്നോ നാളെയോ ഇവരെ ചോദ്യംചെയ്‌തേക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞയാഴ്ച ഇരുവരെയും പതിമൂന്ന് മണിക്കൂറാണ് പോലീസ് ചോദ്യംചെയ്ത്. ഇതില്‍ ഇന്ന് നിര്‍ണായകമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. ഈ ചോദ്യംചെയ്യലില്‍ ദിലീപും നാദിര്‍ഷയും നല്‍കിയ മൊഴികളില്‍ ചില വൈരുദ്ധ്യങ്ങളുണ്ടെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വെളിപ്പെടുകയും ചെയ്തതായാണ് അറിവ്. ഇതിനെ തുടര്‍ന്നാണ് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരാനായി ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് വിശദമായ പുതിയ ചോദ്യാവലി തയ്യാറാക്കിയത്. കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദം ശക്തമായതോടെ അന്വേഷണത്തില്‍ യാതൊരു വീഴ്ചയും വരരുതെന്ന കര്‍ശനമായ നിര്‍ദേശമാണ് അന്വേഷണേദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയത്തിനും വിലക്കുണ്ട്.
ദിലീപിനും നാദിര്‍ഷയ്ക്കും പുറമെ ഇപ്പോള്‍ റിമാന്‍ഡിലുള്ള പള്‍സര്‍ സുനി, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ എന്നിവരെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. ഈ മാസം പതിനെട്ട് വരെ ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്യലിനുള്ള നിയമസഹായം തേടാനുള്ള ഒരുക്കത്തിലാണ് പോലീസ്. സുനിയെ വീണ്ടും ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെങ്കില്‍ കോടതിയുടെ അനുമതി അവശ്യമുണ്ട്.
കാക്കനാട്ടെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ ചില നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കാവ്യാ മാധവനെയും അമ്മയെയും ചോദ്യംചെയ്യാനുള്ള നീക്കം നടക്കുന്നത് എന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ചശേഷം രണ്ടു തവണ പള്‍സര്‍ സുനി കാക്കനാട്ടെ ഒരു സ്ഥാപനത്തില്‍ പോയിരുന്നു എന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കാവ്യയുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്. ഈ അന്വേഷണത്തിലാണ് സുനിയുടെ ഫോണിലെ മെമ്മറി കാര്‍ഡ് കണ്ടെടുത്തത്. ഈ മെമ്മറി കാര്‍ഡില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണുള്ളതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.