വിശ്വാസങ്ങളുടേയും നിമിത്തങ്ങളുടേയും വലിയലോകത്താണ് സിനിമയും അണിയറപ്രവര്‍ത്തകരും ഇന്നും കഴിയുന്നത്. ലൊക്കേഷനിലും താരജോഡികളിലും അതിഥിതാരങ്ങളിലും റിലീസ് ദിവസങ്ങളിലുമെല്ലാം ഇത്തരം ഭാഗ്യങ്ങളും വിശ്വാസങ്ങളും ശക്തമായി നിലനില്‍ക്കുന്നുണ്ട്.
പല വര്‍ഷങ്ങളിലായി ജൂലായ് നാലിന് റിലീസ് ചെയ്തചിത്രങ്ങളെല്ലാം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെയാണ് സിനിമയിലെ ദിലീപിന്റെ ഭാഗ്യദിവസമായി ജൂലായ് നാല് പിറന്നത്. തുടര്‍ച്ചയായി ബമ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചദിനം ദിലീപിന്റെ ഭാഗ്യദിനമായി താരവും സിനിമാ പ്രവര്‍ത്തകരും ഉറച്ചു വിശ്വസിച്ചിരുന്നു. ജൂലായ് നാലിനുമേലുള്ള അമിതവിശ്വാസം കൊണ്ട് ആ ദിവസം തന്നെ ജൂലായ് നാല് എന്ന പേരിലൊരു ചിത്രവും പുറത്തിറക്കി. എന്നാല്‍, ജൂലായ് നാല് ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞു. ജോഷി സംവിധാനം ചെയ്ത ചിത്രം പരാജയപ്പെട്ടെങ്കിലും ദിലീപിന്റെ ഭാഗ്യദിനത്തിന് മാറ്റമുണ്ടായിരുന്നില്ല. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം രാമലീലയും ജൂലായ് ആദ്യവാരം ഭാഗ്യദിനത്തില്‍ തന്നെ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് ചിത്രീകരണവേളയില്‍ നടന്നിരുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് നടന്നേക്കാമെന്നുള്ള വാര്‍ത്തകള്‍ ശക്തമാവുകയും ജനപ്രിയ നായകന്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഇത്തവണ താരത്തിന്റെ ഭാഗ്യദിനം കടന്നുവന്നത്. പുതിയ സാഹചര്യത്തില്‍ ജൂലായ് നാല് എന്തുകൊണ്ടും ദിലീപിന് നിര്‍ണായകമാണ് ഭാഗ്യദിനം ഇത്തവണ കൈവിടുമോയെന്ന ആശങ്കയിലാണ് ആരാധകരും മലയാളസിനിമയും.