മിമിക്രി വേദികളില്‍ നിന്ന് മലയാളത്തിന്റെ സൂപ്പര്‍താരപദവിലേയ്ക്ക് സ്വപ്‌നതുല്ല്യമായ വേഗത്തില്‍ പറന്നുയര്‍ന്ന നടനാണ് ദിലീപ്. അതേ വേഗത്തില്‍ തന്നെ സ്വന്തം സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി വില്ലന്‍ പരിവേഷമണിഞ്ഞ് ജയിലിലേയ്ക്ക് നടന്നുനീങ്ങുകയാണ് ഈ ജനപ്രിയ നായകന്‍ ഇപ്പോള്‍.
കലാഭവന്റെ മിമിക്രിവേദികളിലായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ കലാജീവിത്തിന്റെ തുടക്കം. പിന്നീട് കമലിന്റെ സംവിധാന സഹായിയായി. അതുകഴിഞ്ഞ് സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്തു. കമലിന്റെ തന്നെ എന്നോട് ഇഷ്ടം കൂടാമോ ആയിരുന്നു ആദ്യ ചിത്രം. സുന്ദര്‍ദാസിന്റെ സല്ലാപത്തിലൂടെയാണ് നായകനിരയിലേയ്ക്ക് ഉയര്‍ന്നത്. ഇതേ ചിത്രത്തിലൂടെ നായികാപദവിലേയ്ക്കുയര്‍ന്ന മഞ്ജു പിന്നീട് ജീവിതസഖിയായതും അതുകഴിഞ്ഞ് തമ്മില്‍ പിരിഞ്ഞതും പിന്നെ കാവ്യാ മാധവനെ വിവാഹം കഴിച്ചതുമെല്ലാം ചരിത്രം.
വെള്ളിത്തിരയിൽ കുതിച്ചുതുടങ്ങിയശേഷം ഒരു തിരിഞ്ഞുനോട്ടമുയായിട്ടില്ല ദിലീപിന്. കോമഡിയായിരുന്നു പ്രധാന ആയുധം. ഒരേപോലുള്ള എണ്ണമറ്റ വേഷങ്ങളിലൂടെ മോഹന്‍ലാലും മമ്മൂട്ടിയും പതിറ്റാണ്ടുകളായി കൈയടക്കിവച്ച സിംഹാസനം ഏറെക്കുറെ അനായാസമായി തന്നെ ദിലീപ് പിടിച്ചെടുത്തു.
തുടരെതുടരെ സൂപ്പര്‍ഹിറ്റുകള്‍ പിറന്നതോടെ ദിലീപിന്റെ മറ്റൊരു വേഷത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. നിര്‍മാതാവായ ദിലീപ് മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്വാധീനമായി മാറി. അമ്മ എന്ന താരസംഘടനയുടെ ഖജനാവ് നിറച്ചുകൊടുത്ത ട്വന്റി ട്വന്റി എന്ന മള്‍ട്ടി സ്റ്റാര്‍ സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മിച്ചതും ദിലീപ് തന്നെ. ഇതോടെ മലയാള സിനിമ ഏതാണ്ട് ദിലീപിന്റെ കൈപ്പിടിയിലായി.
കഴിഞ്ഞ വര്‍ഷം അവസാനം തിയേറ്റര്‍ ഉടമകളുടെ സമരം പൊളിച്ചതോടെയാണ് ദിലീപിന്റെ കരുത്ത് മലയാള സിനിമ അറിഞ്ഞത്. തിയേറ്റര്‍ ഉടമകളുടെ ഒരു ബദല്‍ സംഘടന തുടങ്ങിയതോടെ ലിബര്‍ട്ടി ബഷീര്‍ നേതൃത്വം കൊടുത്ത സംഘടനയുടെ ശക്തി ചോര്‍ന്നു.
ഇങ്ങനെ മലയാളത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യമായി നിറഞ്ഞുനില്‍ക്കുമ്പോഴാണ് നടി ആക്രിക്കപ്പെടുന്നതും ദിലീപിനു നേരെ അന്വേഷണത്തിന്റെ കുന്തമുന നീണ്ടതും ഇപ്പോള്‍ അറസ്റ്റിലായതും.
രാമലീല എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങിനില്‍ക്കെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കേസന്വേഷണം മുറുകിയതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയാണുണ്ടായത്.
ചിത്രങ്ങള്‍ തിയേറ്ററില്‍ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കെയാണ് ഇപ്പോഴത്തെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ജോര്‍ജേട്ടന്‍സ് പൂരം തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കാതെയാണ് മടങ്ങിയത്. ഒടുവില്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുംവിധം അറംപറ്റുന്നതായി അറസ്റ്റും.