ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള ക്ലൈമാക്‌സിലേക്കാണ് നടിയെ ആക്രമിച്ച കേസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അടിയും ഇടിയും കണ്ണീരും പൊട്ടിച്ചിരിയും ദേഷ്യവും അഹങ്കാരവും കണ്ട കഥക്കൊടുവില്‍ ദിലീപിന്റെ അറസ്റ്റിലേക്കെത്തിയ ക്ലൈമാക്‌സ്. സിനിമാ ചിത്രീകരണത്തിനായി കൊച്ചിയിലേക്ക് പോകും വഴി ഹൈവേയില്‍ വെച്ച് നടി ആക്രമണത്തിനിരയായതു മുതല്‍ ആലുവ പോലീസ് ക്ലബ്ബിലെ ദിലീപിന്റെ അറസ്റ്റ് വരെ എത്തി നില്‍ക്കുന്ന സംഭവ വികാസങ്ങള്‍.
ഫെബ്രുവരി 17
ഫെബ്രുവരിയില്‍ ആലുവ-കൊച്ചി ഹൈവേയില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. കൊച്ചിയിലേക്ക് ഡബ്ബിങ്ങിനായി പോകുമ്പോഴായിരുന്നു സംഭവം. സിനിമാപ്രവര്‍ത്തകരുടെ ഡ്രൈവറായ പള്‍സറും സുഹൃത്തുക്കളും കാറില്‍ വെച്ച് നടിയെ ആക്രമിക്കുകയായിരുന്നു. അവസാനം കൊച്ചിയില്‍ നടിയെ ഉപേക്ഷിച്ചു. തുടര്‍ന്ന് സംവിധായകന്‍ ലാലിന്റെ സഹായം തേടിയ നടി പിറ്റേന്ന് രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.
പിന്നാലെ നടി ആക്രമിക്കപ്പെട്ടതില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ അപലപിച്ചു. കൊച്ചി മറൈന്‍ ഡ്രൈവില്‍ അമ്മയുടെ യോഗം. പക്ഷേ അതേസമയം അമ്മയുടെ ഒരു പ്രസ്താവന വിവാദങ്ങളുണ്ടാക്കി. സ്ത്രീകള്‍ രാത്രി ജോലിക്ക് പോകുന്നതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു അമ്മയുടെ ആദ്യ പ്രസ്താവന.
ഫെബ്രുവരി 19
സിനിമാ മേഖലയില്‍ നിന്നുള്ളവരാണ് ഇതിന് പിന്നിലെന്ന് സൂചനകള്‍ പുറത്തുവരവെ പള്‍സര്‍ തന്റെ ഡ്രൈവറാണെന്ന കാര്യം മുകേഷ് സ്ഥിരീകരിക്കുകയും ചെയ്തു. പള്‍സര്‍ ഇത്ര വലിയ കുറ്റവാളിയാണെന്ന് അറിയില്ലായിരുന്നുവെന്നും ഒരു വര്‍ഷത്തോളം സുനിയോടൊപ്പം താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി.
ഫെബ്രുവരി 24
തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ പള്‍സര്‍ സുനി അറസ്റ്റിലായി. അതും നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു. കൊച്ചി എ.സി.ജെ.എം കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സറിനെ ജുഡിഷ്യൽ കസ്റ്റഡി ഒഴിവാക്കാനായി പോലീസ് കോടതിയില്‍ വെച്ചു തന്നെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുകയായിരുന്നു. കോടതിയില്‍ സുഹൃത്ത് വിജീഷിനൊപ്പമാണ് പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത്. ഒരാഴ്ച്ചയോളം ഒളിവില്‍ കഴിഞ്ഞ ശേഷമായിരുന്നു പള്‍സര്‍ കോടതിയിലേത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത് അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പള്‍സറിനെ പോലീസ് കസ്റ്റഡയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ആരും ക്വട്ടേഷന്‍ തന്നിട്ടില്ലെന്നും സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നുമാണ് പള്‍സര്‍ പോലീസിന് മൊഴി നല്‍കിയത്.
മെയ് 17
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സുരക്ഷതത്വവും അവകാശവും മുന്‍നിര്‍ത്തി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ രൂപീകരണം. മഞ്ജു വാര്യരും റിമ കല്ലിങ്കലും വിധു വിന്‍സെന്റും പാര്‍വ്വതിയും ബീനാ പോളുമടങ്ങുന്ന സംഘം മുഖ്യമന്ത്രിയ കണ്ട് പരാതി ബോധിപ്പിക്കുകയും തങ്ങളുടെ സംഘടനക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ജൂണ്‍ 24
ദിലീപിനെ കേസിലേക്ക് എത്തിക്കുന്നതായിരുന്നു പള്‍സര്‍ സുനി എഴുതിയ കത്ത്. ഈ കത്ത് പുറത്തുവന്നതിനെ തുടര്‍ന്ന് എല്ലാ സംശയദൃഷ്ടികളും ദിലീപിലേക്ക് നീണ്ടു. ചേട്ടന്‍ എല്ലാം ആലോചിച്ചു ചെയ്യണമെന്നും ചേട്ടന്‍ ഞാന്‍ ഇതുവരെ കൈവിട്ടിട്ടില്ലെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തിന്റെ കോപ്പി തനിക്ക് ലഭിച്ചിരുന്നതായും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ദിലീപ് പ്രതികരിച്ചു.
ജൂണ്‍ 25
പള്‍സര്‍ സുനിയുടെ സുഹൃത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ. പണം മോഹിച്ചാണ് പള്‍സര്‍ കത്തയച്ചതെന്നും സുഹൃത്ത് വഴി ഫോണ്‍ വിളിച്ചതെന്നും നാദിര്‍ഷായുടെ പ്രതികരണം.
ഇതു സംബന്ധിച്ച് എഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും നാദിര്‍ഷ ചൂണ്ടിക്കാട്ടി. എന്നാല്‍ അതിന് മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാതി നല്‍കിയ കാര്യം ദിലീപ് സൂചിപ്പിച്ചില്ല എന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.
ജൂണ്‍ 26
ദിലീപിനെ പിന്തുണച്ച് സലീം കുമാറും അജു വര്‍ഗീസും ലാല്‍ ജോസും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നടിയെ നുണപരിശോധനയക്ക് വിധേയമാക്കണമെന്ന സലീം കുമാറിന്റെ വിവാദ പ്രസ്താവന അദ്ദേഹത്തെ മാപ്പ് പറയിക്കുന്നതില്‍ എത്തിച്ചു. നടിയുടെ പേര് പരാമര്‍ശിച്ച അജു വര്‍ഗീസിനും മാപ്പ് പറയേണ്ടി വന്നു.
ജൂണ്‍ 27
ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യാനായി പോലീസ് ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി. ഉച്ചക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ നീണ്ടത് അര്‍ധരാത്രി വരെ. 12 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെയും നാദിര്‍ഷായെയും വിട്ടയച്ചു. അതിനിടയില്‍ സിദ്ദിഖും നാദിര്‍ഷായുടെ അനിയന്‍ സമദും പോലീസ് ക്ലബ്ബിലെത്തി. പോലീസിന് പള്‍സര്‍ സുനിയും ദിലീപും ഒരേ ലൊക്കേഷനില്‍ വന്നു എന്നത് മാത്രമാണ് അന്ന് പോലീസിന് ലഭിച്ച തെളിവ്.
ജൂണ്‍ 29
അമ്മയുടെ നിര്‍ണായകമായ ജനറല്‍ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ട ശേഷവും വുമണ്‍ ഇന്‍ കളക്ടീവ് സിനിമ രൂപീകരിച്ച ശേഷവും ചേരുന്ന ആദ്യ യോഗം. റിമ കല്ലിങ്കലും രമ്യാ നമ്പീശനുമടക്കമുള്ള താരങ്ങള്‍ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷ. എന്നാല്‍ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുകയാണ് അമ്മയിലെ അംഗങ്ങള്‍ ചെയ്തത്. അമ്മ ഒറ്റക്കെട്ടാണെന്നും ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും ഗണേശ് കുമാര്‍.
അമ്മക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനം. നടിയെ സംരക്ഷിക്കാതെ അമ്മ നടിയ അപമാനിച്ച ദിലീപിന്റെ ഭാഗത്ത് നിന്നുവെന്ന് ആക്ഷേപം. സിനിമാ മേഖലയിലുള്ളവര്‍ തന്നെ അമ്മക്കെതിരെ പോസ്റ്റുമായി രംഗത്തുവന്നു.
ജൂലായ് രണ്ട്
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ വീട്ടിലും സ്വകാര്യ സ്ഥാപനത്തിലും പോലീസ് റെയ്ഡ്. വീട്ടില്‍ ആളില്ലാത്തതിനാല്‍ പോലീസ് തിരിച്ചുപോയി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്ന പള്‍സറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പോലീസ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു.
അതിനിടയില്‍ മാഡം എന്ന പേരിലേക്ക എല്ലാ കണ്ണുകളുമെത്തുന്നു. ഇതിന് പിന്നില്‍ ഒരു മാഡമുണ്ടെന്ന് പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞതായി ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കേസില്‍ സരിതയ്ക്ക് വേണ്ടി ഹാജരായ വക്കീലാണ് ഫെനി.
അമ്മ പിരിച്ചുവിടണമെന്നും അമ്മയിലെ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയുമുള്ള ഗണേഷ് കുമാറിന്റെ കത്ത് പുറത്ത്. എന്നാല്‍ യോഗത്തിന് മുമ്പ് എഴുതിയ കത്താണെന്നും അതില്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഗണേഷ്. കത്തിന് പ്രസക്തിയില്ലെന്നും ഗണേഷ്.
ജൂലായ് 3
പള്‍സര്‍ സുനി ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയ ചിത്രം പുറന്നു വന്നു. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനിലാണ് പള്‍സര്‍ സുനി എത്തിയത്. തുടര്‍ന്ന് ലൊക്കേഷനിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ പള്‍സറിനെ ഡ്രൈവറായി ലൊക്കേഷനില്‍ നിയമിച്ചിട്ടില്ലെന്ന് സിനിമയുടെ സംവിധായകന്‍.
കാവ്യയുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍. ഫോണ്‍സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലെ ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുത്ത് കാവ്യയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് സൂചന.
പള്‍സര്‍ ദിലീപിന്റെ സെറ്റിലെത്തിയത് ഡ്രൈവറായാണെന്ന് സ്ഥിരീകരിച്ചു. പകരക്കാരന്റെ റോളിലാണ് രണ്ടു ദിവസം പള്‍സര്‍ ഡ്രൈവറായുണ്ടായിരുന്നത്.
ജൂലായ് നാല്
പള്‍സര്‍ സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഹാജരാക്കിയത്. പള്‍സറിനായി അഡ്വ ആളൂരെത്തി. ജാമ്യാപേക്ഷ വേണ്ടെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും പള്‍സര്‍. ഒപ്പം സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കുകയും ചെയ്തു.
ജൂലായ് അഞ്ച്
ഇന്നസെന്റിന്റെ വിവാദ പ്രസ്താവന. നടികള്‍ ഇപ്പോള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ചില മോശം ആള്‍ക്കാര്‍ക്ക് കിടക്ക പങ്കിടേണ്ടി വരുമെന്നും ഇന്നസെന്റിന്റെ പ്രസ്താവന. തുടര്‍ന്ന് നടികളുടെ സംഘടന ഇന്നസെന്റിനെതിരെ രംഗത്തു വന്നതോടെ അമ്മ പ്രസിഡന്റിന് മാപ്പ് പറയേണ്ടി വന്നു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്നസെന്റിനെതിരെ അന്വേഷണത്തിന് നിര്‍ദേശം.
നടന്‍ ധര്‍മ്മജന്‍, മിമിക്രി കലാകാരന്‍ കലാഭവന്‍ പ്രസാദ്, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരെ പോലീസ് ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി.
ജൂലായ് പത്ത്
എല്ലാ നാടകീയ രംഗങ്ങളും ഒടുവില്‍ ക്ലൈമാക്‌സിലെത്തുന്നു. വൈകുന്നേരം 6.30ന് ദിലീപ് അറസ്റ്റിലായി. ഈ വാര്‍ത്ത മുഖ്യമന്ത്രിയുടെ പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. രാവിലെ മുതല്‍ രഹസ്യ കേന്ദ്രത്തില്‍വെച്ചു നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കാലത്ത് ദിലീപിനെ പോലീസ് വിളിച്ചു വരുത്തുകയായിരുന്നു.
വൈകുന്നേരത്തോടെ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നും ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് കുടുംബവിഷയത്തിലാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.