വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന വര്‍മ എന്ന ചിത്രത്തെ സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി സംവിധായകന്‍ ബാല രംഗത്ത്. ചിത്രത്തില്‍ നിന്നും പിന്മാറുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും, ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും ബാല പറയുന്നു. ധ്രുവിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണെന്നും ട്വിറ്ററിലൂടെ ബാല അറിയിച്ചു.
ജനുവരി 22ന് ഇ-ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും ബാലയുടെ ബി സ്റ്റുഡിയോയും ചേര്‍ന്ന് നടന്‍ വിക്രമിന്റെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ കരാറിന്റെ പകര്‍പ്പും ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ എന്തു തരത്തിലുള്ള മാറ്റം വരുത്താനുമുള്ള അവകാശം കരാര്‍ പ്രകാരം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഫൂട്ടേജ്, ഫിലിം സ്റ്റില്‍, സൗണ്ട് ട്രാക്ക്, ഐടി ട്രാക്ക്, മിക്‌സഡ് ആന്‍ഡ് അണ്‍മിക്‌സഡ് സോങ്‌സ് ട്രാക്ക് എന്നിവ ബാലയുടെ ബി സ്റ്റുഡിയോസ് കൈമാറിയിട്ടുണ്ട്. പ്രൊജക്ടില്‍ നിന്നും തന്റെ പേര് പൂര്‍ണമായി ഒഴിവാക്കിയാല്‍ മാത്രമേ കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ നിലനില്‍ക്കൂവെന്ന് ബാല കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് വര്‍മ. ചിത്രീകരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വര്‍മ മുഴുവനായി വീണ്ടും ചിത്രീകരിക്കുന്നു എന്ന വിവരം പുറത്തു വന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ നിര്‍മ്മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്‌സ് തങ്ങളുടെ അതൃപ്തി അറിയിക്കുകയായിരുന്നു.
ചിത്രത്തിന്റെ ഫൈനല്‍ വേർഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെ വെച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാനാണ് തീരുമാനം. നേരത്തേ ബാലാ ബി സ്റ്റുഡിയോയും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഇ-4 എന്റര്‍ടെയിന്‍മെന്റ്‌സ് മാത്രമായി ചിത്രം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പുറകെയാണ് താന്‍ സ്വമേധയാ പിന്മാറിയതാണെന്ന് അറിയിച്ചു കൊണ്ട് സംവിധായകന്‍ ബാല തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Content Highlights : Dhruv Vikram Varma Movie Controversy Director Bala Tweet Varma Arjun Reddy Remake Dhruv