ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിന് അടിമുടി മാറ്റം വരുത്തുന്നുവെന്നും വീണ്ടും ചിത്രീകരിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ സസ്‌പെന്‍സ് പുറത്തു വിട്ട് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിനു വര്‍മ്മ എന്ന പേരു മാറ്റി ആദിത്യ വര്‍മ്മയെന്നാക്കിയിട്ടുണ്ട്. ധ്രുവ് തന്നെയാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ബാലയ്ക്കു പകരം അര്‍ജുന്‍ റെഡ്ഢിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഗിരീശായയാണ് ആദിത്യ വര്‍മ്മ സംവിധാനം ചെയ്യുക. ഗിരീശായയുടെ ആദ്യ സംവിധാന സംരംഭമായിരിക്കുമിത്.
ആദിത്യവര്‍മ്മയിലെ പ്രധാന നായികയായി ബനിത സന്ധു എത്തും. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ബംഗാളി നടി മേഘ്‌ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. തെലുങ്കില്‍ ശാലിനി പാണ്ഡെയായിരുന്നു നായിക. റെയ്‌സ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്ന കഥാപാത്രമായി തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുക.
അര്‍ജുന്‍ റെഡ്ഢിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെ ആദിത്യവര്‍മ്മയിലെ ഗാനങ്ങള്‍ക്ക് ഈണം പകരും. രവി കെ ചന്ദ്രന്‍ ഛായാഗ്രഹകനാകും. 2011ല്‍ പുറത്തിറങ്ങിയ ഏഴാം അറിവു റിലീസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനൂണ്ട്.
തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാര്‍ച്ചില്‍ റിലീസിനെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങുകയും ചെയ്തു.
എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്കിടെ സംവിധായകനും നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്‌സും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ബാല ചിത്രത്തില്‍ നിന്ന് പിന്‍മാറി. ധ്രുവിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബാല ട്വീറ്റ് ചെയ്തു. ധ്രുവിനെ വെച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
Content Highlights : Varma movie controversy, Varma changed to Adithya Varma, Gireesaaya's debut film, Dhruv Vikram