മമ്മൂട്ടി ചിത്രം 'ഉണ്ട' കണ്ടുവെന്നും ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും പോലീസുകാരുടെ യഥാര്‍ഥജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന സിനിമയാണിതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പോലീസുകാരുടെ കഥ പറയുന്ന ചിത്രം കാണാന്‍ കഴിഞ്ഞ ദിവസം ബെഹ്‌റ തീയേറ്ററിലെത്തിയത്. നല്ലൊരു ചിത്രമാണെന്നും ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഡോക്യുമെന്ററി ഫോര്‍മാറ്റിലാണ് ചിത്രം പോകുന്നത്. സിനിമയുടെ ഗ്രാമര്‍ നല്ലതാണ്. കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ക്ക് ഇഷ്ടമാകില്ല. പതുക്കെയാണ് സിനിമയുടെ കഥാഗതി. അവസാന രംഗം വളരെ ആവേശം കൊള്ളിക്കുന്നതും പ്രചോദനം നല്‍കുന്നതുമാണ്. സിനിമയില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഒരു പോലീസുകാരന്റെ ജീവിതത്തില്‍ നടക്കുന്നതു തന്നെയാണ്. പോലീസുകാര്‍ക്കും ഇത്തരത്തില്‍ ചെയ്യണോ ചെയ്യണ്ടേ എന്ന തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളുണ്ടാകാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെട്ടെന്നു തീരുമാനങ്ങളെടുക്കേണ്ടി വരും. ഉചിതമായ തീരുമാനം പെട്ടെന്നെടുക്കുക എന്നതാണ് പ്രധാനം. എത്ര റിയലിസ്റ്റിക് മൂവി ആണെങ്കിലും ചെറിയ തരത്തില്‍ ഫിക്ഷന്‍ കലര്‍ത്തിക്കാണാറുണ്ട്. എന്നാല്‍ ഇതിലെ പല രംഗങ്ങളും വളരെ റിയലിസ്റ്റിക്കായാണ് ചിത്രീകരിച്ചിട്ടുള്ളത്.' ബെഹ്‌റ പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം സിനിമ കണ്ടത്.
ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായെത്തുന്നു. സജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. മൂവി മില്‍, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights : DGP Loknath Behra on malayalam film Unda