ആയോധന കല കൊണ്ട് വെള്ളിത്തിരയില്‍ ഇതിഹാസം രചിച്ച നടനാണ് ഹോങ്‌കോങ്ങുകാരന്‍ ബ്രൂസ്‌ലീ. ലോകമെങ്ങുമുള്ള യുവാക്കളുടെ ഹരമായിരുന്ന ബ്രസ്‌ലീയ്ക്കുവേണ്ടി രണ്ട് ഇന്ത്യന്‍ സംവിധായകന്‍ മത്സരിക്കുകയാണ്. ബ്രിട്ടണിലെ എലിസബ് രാജ്ഞിയുടെയും ചമ്പലിന്റെ റാണി ഫൂലന്‍ ദേവിയുടെയും ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയ ശേഖര്‍ കപൂറും മുംബൈ അധോലോകത്തിന്റെ കഥ പൊടിപ്പും തൊങ്ങലുമില്ലാതെ കാണിച്ച രാം ഗോപാല്‍ വര്‍മയും.
ദുരന്തമായി അവസാനിച്ച ബ്രൂസ്‌ലീയുടെ ചെറുപ്പകാലത്തെ ജീവിതമാണ് ലിറ്റില്‍ ഡ്രാഗണ്‍ എന്ന ചിത്രത്തിലൂടെ ശേഖര്‍ കപൂര്‍ പറയുന്നത്. ചെറുപ്പകാലത്ത കഷ്ടപ്പാടുകളില്‍ നിന്ന് ബ്രൂസ്‌ലീ എങ്ങിനെ ഹോളിവുഡിനെയും വിറപ്പിക്കുന്ന തലത്തിലേയ്ക്ക് വളര്‍ന്നു എന്നും 1950ലെ ഹോങ്‌കോങ്ങിലെ സാമൂഹികാവസ്ഥകള്‍ എങ്ങിനെ ബ്രൂസ്‌ലീയെ പരുവപ്പെടുത്തി എന്നുമാണ് മകള്‍ ഷാനണ്‍ നിര്‍മിക്കുന്ന ചിത്രം പറയുന്നത്.
ശേഖര്‍ കപൂറും ഷാനണും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഡാഡി മീഡിയ, ബെയ്ജിങ് ഗോള്‍ഡണ്‍ വേള്‍ഡ് പിക്‌ചേഴ്‌സ്, ഷാങ്ഗായ് ലോങ്ഷിലിന്‍ കള്‍ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പ്, കിരിന്‍ മീഡിയ എന്നിവരുമായി ചേര്‍ന്നാണ് ഷാനണ്‍ ചിത്രം നിര്‍മിക്കുന്നത്. ബ്രൂസ്‌ലീയുടെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള നടനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
ഇതിനിടെയാണ് ബ്രൂസ്‌ലീയുടെ ജീവിതം വെള്ളിത്തിരത്തിലേയ്ക്ക് പറിച്ചുനടാനൊരുങ്ങി രാംഗോപാല്‍ വര്‍മയും രംഗത്തെത്തിയത്. ശേഖര്‍ കപൂറിന്റെ സിനിമ തിയേറ്ററില്‍ എത്തുന്ന സമയത്ത് തന്നെയായിരിക്കും തന്റെ ചിത്രവും എത്തുകയെന്ന് വര്‍മ ട്വീറ്റ് ചെയ്തു.
ശേഖര്‍ കപൂറിനോട് എനിക്ക് വിരോധമൊന്നുമില്ല. എന്നാല്‍, ബ്രൂസ്‌ലീ എനിക്ക് എന്നുമൊരു ആവേശവമായിരുന്നു. സെക്‌സ് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ബ്രൂസ്‌ലീയെയാണ്-വര്‍മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബ്രസ്‌ലീയെക്കുറിച്ചുള്ള ചിത്രത്തോട് എനിക്കു മാത്രമേ നീതി പുലര്‍ത്താന്‍ കഴിയൂ. ഭാരര്യ ലിന്‍ഡ ലീയെക്കാളും മകള്‍ ഷാനണ്‍ ലീയേക്കാളും ബ്രൂസ്‌ലിയെ എനിക്കറിയാം-വര്‍മ പറഞ്ഞു.