ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകര്‍. വിദ്യാബാലന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'തുമാരി സുലു'വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുമാണ് ദിലീഷ് പോത്തന്‍ ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ചിത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള സുരേഷ് ത്രിവേണിയുടെ ട്വീറ്റ്.
'ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊരു പുതിയ സംഗതി ഞാന്‍ ഇതില്‍ കണ്ടെത്തും. ശരാശരി നിലവാരം ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഒരു അളവുകോലിനെക്കുറിച്ച് നിങ്ങളെത്തന്നെ അവ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു'
പിന്നാലെ ബിജോയ് നമ്പ്യാര്‍, സ്വന്തം അഭിപ്രായം കൂടി ചേര്‍ത്ത് ഇത് റീട്വീറ്റ് ചെയ്തു. അതിഗംഭീര സിനിമയാണ് ഇത്! എനിക്കീ ചിത്രം തുടര്‍ച്ചയായി ഒരുപാട് തവണ കാണാനാവും. ഒരുപാട് പഠിക്കാനുണ്ട് ഇതില്‍നിന്ന്, എന്നായിരുന്നു ബിജോയ്യുടെ ട്വീറ്റ്.
'മഹേഷിന്റെ പ്രതികാരം' എന്ന അരങ്ങേറ്റചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും'. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരിന്റേതായിരുന്നു. നിരൂപകപ്രശംസയോടൊപ്പം പ്രേക്ഷകശ്രദ്ധയും നേടിയ ചിത്രം മികച്ച തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളടക്കം ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കി.
Content highlights : Bollywood Directors Praises Thondimuthalum Driksakshiyum Fahadh Faasil Dileesh Pothan Nimisha