ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനിതാ ഷൂട്ടര്‍ എന്നാണ് ചന്ദ്രോ തോമറിന്റെ ഖ്യാതി. യുപി.യിലെ ജോഹരിയിലെ എണ്‍പത്തിനാലുകാരിയായ ഈ ദാദിയെ വെള്ളിത്തിരയില്‍ അനശ്വരമാക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ താപ്‌സി പന്നു. സാണ്ട് കി ആങ്ക് എന്ന ചിത്രത്തിലാണ് താപ്‌സി ചന്ദ്രോ തോമറിനെയും ഭൂമി പെഡ്‌നെക്കര്‍ പ്രകാശി തോമറിനെയും അവതരിപ്പിക്കുന്നത്. ഇരുവരും ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വേറിട്ട വേഷങ്ങളില്‍ ഒന്നാവും ഇത്.
എൺപത്തിനാലുകാരിയായ ചന്ദ്രോ തോമറിനെ അവതരിപ്പിക്കുന്നതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് മുപ്പത്തിരണ്ടുകാരിയായ താപ്‌സി പന്നുവിന് കേള്‍ക്കേണ്ടിവരുന്നത്. താപ്‌സിക്കും ഭൂമിക്കും പകരം രത്‌ന പഥക്, നീന ഗുപ്ത, സുപ്രിയ പഥക്, ശബാന ആസ്മി, ജയ ബച്ചന്‍ തുടങ്ങിയവരെ പരിഗണിക്കാമെന്നും ഭൂമിയേക്കാളും താപ്‌സിയേക്കാളും അമ്പത് വയസ്സു കഴിഞ്ഞ താരങ്ങളെ പരിഗണിക്കുന്നതാവും ഭേദമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ഈ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ശക്തമായ ഭാഷയില്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് താപ്‌സി. റിസ്‌ക്കെടുക്കാതിരിക്കുന്ന നമ്മുടെ സമീപനങ്ങളെ ഇങ്ങനെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണോ വേണ്ടത്. സുരക്ഷിത ഇടങ്ങളില്‍ നിന്ന് മാറി മാറ്റം കൊണ്ടുവരാന്‍ യത്‌നിക്കുന്നവരെ പിന്തുണയ്ക്കാനുള്ള ആര്‍ജവവും നട്ടെല്ലും നമുക്ക് നഷ്ടപ്പെട്ടുപോയോ? പലരും വേണ്ടെന്നുവച്ച റോള്‍ രണ്ട് നടികള്‍ അവരുടെ കരിയറിന്റെ താരതമ്യേന തുടക്കകാലത്ത് ചെയ്യുന്നതിന്റെ വിഷയമാണോ? ഞാന്‍ അത്ഭുതപ്പെടുകയാണ്.
സരാന്‍ശിലെ വേഷം ചെയ്തപ്പോള്‍ നമ്മള്‍ ഈ ചോദ്യം അനുപം ഖേറിനോട് ചോദിച്ചിരുന്നോ. സുനില്‍ ദത്തിന്റെ അമ്മവേഷം ചെയ്തപ്പോള്‍ നര്‍ഗീസ് ദത്തിനോട് ഈ ചോദ്യം ചോദിച്ചിരുന്നോ? ഹെയര്‍സ്‌പ്രേയില്‍ ഒരു സ്ത്രീയുടെ വേഷം ചെയ്തപ്പോള്‍ ജോണ്‍ ട്രവോള്‍ട്ടയോട് ഇത് ചോദിച്ചിരുന്നോ? കമിങ് ടു അമേരിക്കയില്‍ വെള്ളക്കാരനായ ജൂതന്റെ വേഷം ചെയ്ത എഡ്ഡി മര്‍ഫിയോട് ഈ ചാദ്യം ചോദിച്ചിട്ടുണ്ടോ? ആമിര്‍ ഖാന്‍ ത്രീ ഇഡിയറ്റ്‌സില്‍ ഒരു കോളേജ് കുട്ടിയുടെ വേഷം ചെയ്തതിനെ നമ്മള്‍ ചോദ്യം ചെയ്തിട്ടുണ്ടോ? നാളെ ആയുഷ്മാന്‍ ഖുറാന ഗുഭ് മംഗള്‍ സ്യാദ സാവ്ദാനില്‍ ഒരു സ്വവര്‍ഗാനുരാഗിയുടെ വേഷം ചെയ്യുന്നതിനെ നമ്മള്‍ ചൊദ്യം ചെയ്യുമോ?
ഈ ആരോപണങ്ങളും ചോദ്യംചെയ്യലുമെല്ലാം ഞങ്ങളോട് മാത്രമാണോ ഉള്ളത്. ആണെങ്കില്‍ തന്നെ, വ്യത്യസ്തമായ ഒന്ന് ചെയ്യാനുള്ള ഞങ്ങളുടെ എളിയ ശ്രമം ശ്രദ്ധിച്ചതിന് ഞങ്ങള്‍ ഹൃദയത്തില്‍ തൊട്ട് നന്ദി പറയുന്നു. അതാണല്ലോ സിനിമ. ഈ ചര്‍ച്ച തുടരട്ടെ. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ ദീപാവലിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം-താപ്‌സി ട്വീറ്റ് ചെയ്തു.
സാന്‍ഡ് കി ആങ്കിന്റെ കഥ കേട്ടപ്പോള്‍ തനിക്ക് അമ്മയെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഒരു അഭിമുഖത്തില്‍ നേരത്തെ താപ്‌സി പറഞ്ഞിരുന്നു. കാരണം, അത് തങ്ങള്‍ക്കുവേണ്ടിയല്ലാതെ, ഭര്‍ത്താവിനും കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുടെ കഥയാണ്. എന്റെ അമ്മയ്ക്ക് അറുപത് വയസ്സായി. അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിക്കുന്നതിന് ഞാനൊരു കാരണമാകണമെന്ന് ഞാന്‍ പറയുന്ന ഒരു അനുഭവമാണ് എനിക്ക്. ഈ സിനിമയിലൂടെ അവര്‍ക്ക് അത് അനുഭവിക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷ.
എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ എന്റെ അമ്മയ്ക്കുള്ള സമര്‍പ്പണമാണ്. ആളുകള്‍ അവരുടെ അമ്മമാരെയും അമ്മൂമമാരെയും ഈ ചിത്രം കാണാന്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്-താപ്‌സി പറഞ്ഞു.
Content Highlights: Bollywood, Actress, Taapsee Pannu, Saand Ki Aankh