ചെന്നൈ നഗരത്തിന്റെ മുഖമുദ്രകളില്‍ ഒന്നായിരുന്നു ഇടിഞ്ഞുപൊളിഞ്ഞുതുടങ്ങിയ ബിന്നി മില്‍. പുതിയ തലമുറ നഗരവാസികളുടെ ഒരു നൊസ്റ്റാള്‍ജിയ. എന്നാല്‍, ചെന്നൈയ്ക്ക് പുറത്തുള്ളവര്‍ക്ക് ഇത് യന്ത്രത്തറികളുടെ ശബ്ദം നിലച്ച വെറും തുണിമില്ലായിരുന്നില്ല. നാടുവിറപ്പിക്കുന്ന ഗുണ്ടകളുടെ ഒളിത്താവളമായിരുന്നു. വെള്ളിത്തിരയില്‍ കണ്ടു ഞെട്ടിത്തരിക്കുകയും കൈയടിക്കുകയും ചെയ്ത എണ്ണമറ്റ സംഘട്ടനരംഗങ്ങളുടെ കളിത്തട്ടായിരുന്നു.
തമിഴിലും മലയാളത്തിലുമൊക്കെയായി എത്രയോ സിനിമകളുടെ ആക്ഷൻ രംഗങ്ങൾക്കും വില്ലന്മാരുടെ ഒളിത്താവളങ്ങൾക്കും സെറ്റായ മില്ലിന്റെ കെട്ടിടം ഇനി വെറും ഓര്‍മയാണ്. ഇരുന്നൂറ് വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍ ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. പൊളിച്ചുതുടങ്ങിയ മില്ലിന്റെ സ്ഥാനത്ത് ഒരു കൂറ്റന്‍ ടൗണ്‍ഷിപ്പാണ് ഉയര്‍ന്നുവരുന്നത്.
വമ്പന്‍ ഹിറ്റായ മാധവന്‍-വിജയ് സേതുപതി ചിത്രമായ വിക്രം വേദയിലാണ് നമ്മള്‍ ഈ മില്‍ അവസാനമായി കണ്ടത്. ചിത്രത്തിന്റെ തുടക്കത്തിലുള്ള രംഗങ്ങളാണ് ഇവിടെവച്ച് ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ ഈ കെട്ടിടം പൊളിച്ചുമാറ്റുന്നതിലെ വിഷമം പങ്കുവച്ചിട്ടുണ്ട് സംവിധായക ജോഡിയായ പുഷ്കറും ഗായത്രിയും.
'വിക്രം വേദയുടെ ഓപ്പണിങ് സീക്വന്‍സ് ഇവിടെയായിരുന്നു ചിത്രീകരിച്ചിരുന്നത്. അര്‍മേനിയന്‍ സ്ട്രീറ്റിലെ ബിന്നി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നാലു ദിവസത്തെ ഷൂട്ടിങ്ങായിരുന്നു ഉണ്ടായിരുന്നത്. മദ്രാസിലെ ഒരു പൈതൃക കെട്ടിടം കൂടി തകര്‍ക്കപ്പെടുന്നതില്‍ സങ്കടമുണ്ട്'-പുഷ്‌കറും ഗായത്രിയും ട്വിറ്ററില്‍ കുറിച്ചു.
വിജയ് നായകനായ മെര്‍സലിലെയും സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം എന്നിവയിലെ പല രംഗങ്ങളും ഇവിടെയായിരുന്നു ചിത്രീകരിച്ചത്. ചിത്രം തിയേറ്ററുകളിലെത്തുമ്പോഴേയ്ക്കും കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗവും നിലംപൊത്തിക്കഴിഞ്ഞു.
ചെന്നൈ സിനിമാക്കാരുടെ സ്വര്‍ഗമായിരുന്ന കാലത്ത് ഏതാനും മലയാള ചിത്രങ്ങളും ഇവിടെവച്ച് ചിത്രീകരിച്ചിരുന്നു. എന്നാല്‍, ഇനി സിനിമയിലെ വില്ലന്മാര്‍ക്കും ഗുണ്ടകള്‍ക്കും ഒളിക്കാന്‍ മറ്റൊരു ഇടം കണ്ടെത്തേണ്ടിവരും. സംഘട്ടനരംഗങ്ങള്‍ക്ക് വേറെ ഇടവും നോക്കേണ്ടിയും വരും.
ചെന്നൈ പാരിസില്‍ ഹൈക്കോടതിക്ക് എതിര്‍വശമുള്ള അര്‍മേനിയന്‍ സ്ട്രീറ്റിലാണ് എഴുപത്തിയൊന്ന് ഏക്കറിലായി ഈ കെട്ടിടം നിലനിന്നത്. 1797ല്‍ ജോണ്‍ ബിന്നി സ്ഥാപിച്ച് ഇരുനൂറ് വര്‍ഷം തികയുമ്പോഴാണ് കെട്ടിടം നിലംപൊത്തി, മില്‍ ഓർമയാവുന്നത്. വര്‍ഷങ്ങളോളം നഷ്ടത്തില്‍ ഓടിയ കമ്പനി 1996ല്‍ അടച്ചുപൂട്ടി. 2001ല്‍ വില്‍ക്കുകയും ചെയ്തു. സിനിമാക്കാരും സീരിയലുകാരും റിയാലിറ്റി ഷോക്കാരും മാത്രമായിരുന്നു ഇടിഞ്ഞുതുടങ്ങിയ കെട്ടിടത്തിലേയ്ക്ക് പിന്നെ വന്നുകൊണ്ടിരുന്നത്.
എഴുപത്തിയൊന്ന് ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന കമ്പനിയുടെ സ്ഥലത്ത് ഓസോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൗണ്‍ഷിപ്പാണ് വരുന്നത്. ഇതിനുവേണ്ടി, നിലവില്‍ പൈതൃക കെട്ടിടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്ന മില്ലിന്റെ കെട്ടിടം പൊളിക്കാന്‍ ചെന്നൈ കോര്‍പറേഷന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ പുരോഗമിക്കുന്നത്.